2007 ലോകകപ്പ് ഹീറോ ക്രിക്കറ്റിനോട് വിട പറഞ്ഞു

By Shyma Mohan.03 02 2023

imran-azhar

 


ന്യൂഡല്‍ഹി: 2007 ട്വന്റി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഹീറോയായിരുന്ന മീഡിയം പേസര്‍ ജൊഗീന്ദര്‍ ശര്‍മ്മ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.

 

ജൊഗീന്ദര്‍ ശര്‍മ്മ ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2002 മുതല്‍ 2017 വരെയുള്ള ക്രിക്കറ്റ് യാത്ര അവിസ്മരണീയമായിരുന്നു. ഇന്ത്യ ഏറ്റവും ഉയര്‍ന്ന തലത്തില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നതായും അദ്ദേഹം കുറിച്ചു. അവസരങ്ങള്‍ തന്നതിന് ബിസിസിഐക്കും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും ഹരിയാന സര്‍ക്കാരിനും ജൊഗീന്ദര്‍ നന്ദിയറിയിച്ചു.

 

ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ ടീം ഇന്ത്യ അഞ്ച് റണ്‍സിന് തോല്‍പിച്ചപ്പോള്‍ ജൊഗീന്ദര്‍ ശര്‍മ്മയായിരുന്നു വിജയശില്‍പി. മിസ്ബാ ഉള്‍ ഹഖും മുഹമ്മദ് ആസിഫും ക്രീസില്‍ നില്‍ക്കേ അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ താരം മിസ്ബായെ ഷോര്‍ട് ഫൈന്‍ ലെഗില്‍ മലയാളി താരം എസ് ശ്രീശാന്തിന്റെ കൈകളില്‍ എത്തിച്ച് ഇന്ത്യക്ക് കിരീടം സമ്മാനിക്കുകയായിരുന്നു. 39കാരനായ ജൊഗീന്ദര്‍ ശര്‍മ്മ നിലവില്‍ ഹരിയാന പൊലീസിലെ ഡിവൈഎസ്പിയാണ്.

 

OTHER SECTIONS