കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം: ഭൂമി ഏറ്റെടുക്കുന്നതിനായി പരസ്യം

വയനാട് കൃഷ്ണഗിരിയില്‍ ഉന്നത നിലവാരമുള്ള സ്റ്റേഡിയം കെസിഎക്ക് സ്വന്തമായുണ്ടെങ്കിലും യാത്രാസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരിമിതി മൂലം രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തടസമുണ്ട്.

author-image
Shyma Mohan
New Update
കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം: ഭൂമി ഏറ്റെടുക്കുന്നതിനായി പരസ്യം

കൊച്ചി: കൊച്ചിയില്‍ പുതിയ സ്റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ഇതിനായി ജില്ലയില്‍ ഭൂമി വാങ്ങുന്നതിന് കെസിഎ പത്രപരസ്യം നല്‍കി. 20 മുതല്‍ 30 ഏക്കര്‍ വരെ സ്ഥലം ഏറ്റെടുക്കാനാണ് കെസിഎയുടെ തീരുമാനം. നാളെ വൈകിട്ട് അഞ്ചിന് മുമ്പ് തിരുവനന്തപുരത്തെ കെസിഎ ഓഫീസുമായി ബന്ധപ്പെടണമെന്നാണ് പരസ്യത്തില്‍ പറയുന്നത്.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നേരത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയിരുന്നെങ്കിലും പൂര്‍ണ്ണമായും ഫുട്‌ബോള്‍ സ്‌റ്റേഡിയമാക്കി മാറ്റിയിരിക്കുകയാണ്. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത്. ഇതാകട്ടെ, കേരള സര്‍വ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമാണ്. സ്റ്റേഡിയം പാട്ടത്തിനെടുത്താണ് കെസിഎ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യ - ശ്രീലങ്ക മത്സരത്തിന് പിന്നാലെ കെസിഎയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പരസ്യ പോരിലേക്ക് നീങ്ങിയിരുന്നു. ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള വിവാദങ്ങളെ തുടര്‍ന്നായിരുന്നു പരസ്യ ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

വയനാട് കൃഷ്ണഗിരിയില്‍ ഉന്നത നിലവാരമുള്ള സ്റ്റേഡിയം കെസിഎക്ക് സ്വന്തമായുണ്ടെങ്കിലും യാത്രാസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരിമിതി മൂലം രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തടസമുണ്ട്. ഇതോടെയാണ് കൊച്ചിയില്‍ ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന നീക്കത്തിലേക്ക് കെസിഎ തിരിഞ്ഞിരിക്കുന്നത്.

 

new cricket stadium in Kochi KCA