അണ്ടര്‍ 19 ഏഷ്യാ കപ്പ്; സെമിയില്‍ ഇന്ത്യ വീണു, കലാശപ്പോരാട്ടം ബംഗ്ലാദേശും യുഎഇയും തമ്മില്‍

അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് 2023 സെമിയില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യയെ നാല് വിക്കറ്റിന് തോല്‍പിച്ചാണ് ബംഗ്ലാദേശ് ഫൈനലിലേക്ക് ചുവടുറപ്പിച്ചത്. ഇന്ത്യയുടെ 188 റണ്‍സ് ബംഗ്ലാദേശ് 43 പന്ത് ശേഷിക്കേ മറികടന്നു.

author-image
Web Desk
New Update
അണ്ടര്‍ 19 ഏഷ്യാ കപ്പ്; സെമിയില്‍ ഇന്ത്യ വീണു, കലാശപ്പോരാട്ടം ബംഗ്ലാദേശും യുഎഇയും തമ്മില്‍

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് 2023 സെമിയില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യയെ നാല് വിക്കറ്റിന് തോല്‍പിച്ചാണ് ബംഗ്ലാദേശ് ഫൈനലിലേക്ക് ചുവടുറപ്പിച്ചത്. ഇന്ത്യയുടെ 188 റണ്‍സ് ബംഗ്ലാദേശ് 43 പന്ത് ശേഷിക്കേ മറികടന്നു. 90 പന്തില്‍ 94 റണ്‍സെടുത്ത ആരിഫുള്‍ ഇസ്‌ലമും 44 റണ്‍സെടുത്ത അഹ്രാര്‍ അമിനുമാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്. ഫൈനലില്‍ ബംഗ്ലാദേശ് യുഎഇയെ നേരിടും. സെമിയില്‍ പാകിസ്ഥാനെ 11 റണ്‍സിന് അട്ടിമറിച്ചാണ് യുഎഇ ഫൈനലിലേക്കെത്തിയത്.

രണ്ടാം സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യക്ക് മികച്ച സ്‌കോറിലേക്ക് എത്താന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. ഓപ്പണര്‍മാരായ ആദര്‍ശ് സിംഗ് രണ്ട് റണ്‍സിനും അര്‍ഷിന്‍ കുല്‍ക്കര്‍ണി ഒന്നിനും മൂന്ന് ഓവറുകള്‍ക്കിടെ പുറത്തായി. മധ്യനിരയില്‍ പ്രിയാന്‍ഷു മോളിയ (19), ക്യാപ്റ്റന്‍ ഉദയ് സഹാരന്‍ (0), സച്ചിന്‍ ദാസ് (16), വിക്കറ്റ് കീപ്പര്‍ ആരവെല്ലി അവനിഷ് (0) എന്നിവര്‍ക്കും തിളങ്ങാനായില്ല. ആറാമനായി ക്രീസിലെത്തി 62 പന്തില്‍ 50 റണ്‍സ് നേടിയ മുഷീര്‍ ഖാനും എട്ടാമനായിറങ്ങി 73 പന്തില്‍ 62 റണ്‍സെടുത്ത് ടോപ് സ്‌കോററായ മുരുകന്‍ അഭിഷേകുമാണ് ഇന്ത്യയെ കാത്തത്.

വാലറ്റത്ത് സൗമി പാണ്ഡെ ഒന്നും നവാന്‍ തിവാരി ആറും രാജ് ലിംബാനി പുറത്താവാതെ 11 ഉം റണ്‍സ് നേടി. 10 ഓവറില്‍ 41 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി മറൂഫ് മ്രിഥയാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ കൂടുതല്‍ തിളങ്ങിയത്. രോഹനാത് ദൗളയും പര്‍വേസ് റഹ്‌മാനും രണ്ട് വീതവും ക്യാപ്റ്റന്‍ മഹ്ഫുസൂര്‍ റഹ്‌മാന്‍ റാബ്ബി ഒന്നും വിക്കറ്റ് സ്വന്തമാക്കി.

189 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ട് ആണ് വിലങ്ങുതടിയായത്.
ഡിസംബര്‍ 17ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ബംഗ്ലാദേശ്-യുഎഇ കലാശപ്പോരാട്ടം നടക്കുക.

cricket under19 asia cup newsupdate Latest News