By Hiba.25 09 2023
വനിതാ ബോക്സിങ്ങിൽ ഇന്ത്യൻ കരുത്തായി നിഖാത് സരീനും പ്രീതി പവാറിനും മിന്നും വിജയം. ലോക ചാംപ്യൻഷിപ് ഫൈനലിന്റെ ആവർത്തനമായ 50 കിലോഗ്രാം മത്സരത്തിൽ വിയറ്റ്നാം താരം ടാം എൻഗുയെനെ 5-0നു കീഴക്കിയ നിഖാത് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. 54 കിലോഗ്രാം ഇനത്തിൽ ജോർദാൻ താരം സിലിന അൽഹസനത്തിനെ തോൽപിച്ച പ്രീതി ക്വാർട്ടറിലെത്തി.
പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ ചൊറോങ് ബാക് ആണ് നിഖാത്തിന്റെ എതിരാളി. രണ്ടു തവണ ഏഷ്യൻ ചാംപ്യനായിരുന്ന ടാമിനെതിരെ നിഖാത്തിന്റെ വിജയം അനായാസമായിരുന്നു.
സെമിയിലെത്തിയാൽ നിഖാത്തിന് ഒളിംപിക്സ് യോഗ്യത ലഭിക്കും. പ്രീതിയുടെ അടുത്ത എതിരാളി ലോക ചാംപ്യൻഷിപ്പിൽ 3 തവണ മെഡൽ നേടിയ കസഖ്സ്ഥാൻ താരം ഷൈന ഷെകെർബെകോവയാണ്. ഈ മത്സരത്തിൽ ജയിച്ചാൽ പ്രീതിക്കു മെഡലും ഒളിംപിക്സ് യോഗ്യതയും ഉറപ്പിക്കാം.
ഏകപക്ഷീയമായ ഒരു മത്സരം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ 2 റൗണ്ടുകളിൽ ആക്രമിച്ചു കളിച്ച് മൂന്നാം റൗണ്ടിൽ പ്രതിരോധത്തിലേക്കു മാറാനായിരുന്നു എന്റെ പ്ലാൻ. ഏഷ്യൻ ഗെയിംസ് മെഡലിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. പടിപടിയായി മുന്നോട്ടുപോകാനാണ് തീരുമാനം.ടാം എൻഗുയെനെ തോൽപിച്ച ശേഷം നിഖാത് പറഞ്ഞത്