കേപ്ടൗണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ഫൈനലില്‍. സെമിയില്‍ അഞ്ച് റണ്‍സിനായിരുന്നു ഓസീസിന്റെ ജയം.
173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമിമ റോഡ്രിഗ്സും പൊരുതി. ഇരുവരും പുറത്തായതോടെ ഇന്ത്യ കളികൈവിടുകയായിരുന്നു.
ഓസ്ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഷഫാലി വര്‍മ (9), സ്മൃതി മന്ദാന (2), യസ്തിക ഭാട്ടിയ (4) എന്നിവര്‍ ആദ്യ നാല് ഓവറിനുള്ളില്‍ മടങ്ങി.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ജെമിമ റോഡ്രിഗ്സ് - ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഓസീസിനെ പ്രതിരോധത്തിലാക്കി. പക്ഷേ 11-ാം ഓവറില്‍ ഡാര്‍സി ബ്രൗണിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച ജെമീമയ്ക്ക് പിഴച്ചു. പന്ത് അലിസ ഹീലിയുടെ കൈയില്‍. 24 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 43 റണ്‍സെടുത്ത ജെമിമ മടങ്ങിയതോടെ ഓസീസ് കളിയില്‍ പിടിമുറുക്കി.
റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 15-ാം ഓവറില്‍ കാണിച്ച അലസത ക്യാപ്റ്റന്റെ വിക്കറ്റെടുത്തു. രണ്ടാം റണ്ണിനായി ലാഘവത്തോടെ ഓടിയ ഹര്‍മന്‍പ്രീതിന്റെ ബാറ്റ് പിച്ചില്‍ ക്രീസിനു മുന്നില്‍ കുടുങ്ങി, ഒട്ടും സമയം കളയാതെ ഹീലി ബെയ്ല്‍സ് ഇളക്കി. പിന്നാലെ 17 പന്തില്‍ നിന്ന് 14 റണ്‍സുമായി റിച്ചയും മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷ പൊലിഞ്ഞു. ദീപ്തി ശര്‍മ 17 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു.