/kalakaumudi/media/post_banners/657fe88a053e390d3ed54fb005edd264df6d3c16ea1f21a081e726253e7fbf42.jpg)
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യത്തിന് വിജയത്തുടക്കം. സാനിയ മിര്‍സ -അന്ന ഡനിലിന സഖ്യം ഡല്‍മ ഗൈഫി- ബെര്‍ണാര്‍ഡ് പെര സഖ്യത്തെ തോല്‍പിച്ചാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍ 6-2, 7-5.
ആദ്യ സെറ്റില്‍ സാനിയ സഖ്യം ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം സെറ്റിന്റെ തുടക്കത്തിലും ടീം ആധിപത്യം തുടര്‍ന്നു. എന്നാല്‍ ഒരു സെര്‍വ് ബ്രേക്ക് ചെയ്ത എതിര്‍സഖ്യം 5-5ന് ഒപ്പമെത്തി. വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ പൊരുതിയ സാനിയ- അന്ന ടീം സ്വന്തം സെര്‍വ് ലക്ഷ്യത്തിലെത്തിക്കുകയും ഒരു സെര്‍വ് ഭേദിക്കുകയും ചെയ്ത് മത്സരം സ്വന്തമാക്കി. മിക്സ്ഡ് ഡബിള്‍സിലും സാനിയ കളിക്കുന്നുണ്ട്. രോഹന്‍ ബൊപ്പണ്ണയാണ് പങ്കാളി. കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണ് സാനിയ കളിക്കുന്നത്. ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യുടിഎ ടൂര്‍ണമെന്റോടെ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് 36കാരിയായ സാനിയ വ്യക്തമാക്കിയിരുന്നു.
അതേസമയം ആരാധകര്‍ക്ക് നിരാശ നല്‍കുന്ന പ്രകടനമായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ച വെച്ചത്. പുരുഷ ഡബിള്‍സ് ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍- റെരേയ് വരേല (മെക്സിക്കോ) സഖ്യം പുറത്തായി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്- പെട്രോസ് സിറ്റ്സിപാസ് സഖ്യമാണ് തോല്‍പ്പിച്ചത്. ഇന്ത്യന്‍ ജോഡി യുകി ഭാംബ്രി- സാകേത് മൈനേനി സഖ്യത്തിലും ആദ്യ റൗണ്ട് കടക്കാനായില്ല. ആന്ദ്രിയാന്‍ മീസ് (ജര്‍മനി)- ജോണ്‍ പീര്‍സ് (ഓസ്ട്രേലിയ) സഖ്യത്തോടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.