/kalakaumudi/media/post_banners/43104006c290d901ba05d0b2be038272fe306534d2721b5b3dda5ee415bcd540.jpg)
കൊല്‍ക്കത്ത: അന്തരിച്ച ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദരിക്കും. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് ആദരമൊരുക്കുന്നത്.
മൂന്ന് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള പെലെ ആദ്യമായി 1977 സെപ്റ്റംബര്‍ 24നാണ് മോഹന്‍ ബഗാനെതിരെ ന്യൂയോര്‍ക്ക് കോസ്മോസിനായി ഈഡന്‍ ഗാര്‍ഡന്‍സില്‍ ബൂട്ടണിഞ്ഞത്. ഇന്ന് രണ്ടാം ഏകദിനം നടക്കുമ്പോള്‍ പെലെയുടെ മത്സരങ്ങളുടെ ദൃശ്യങ്ങള്‍ ഈഡനിലെ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. പെലെയ്‌ക്കെതിരെ കളിച്ച മോഹന്‍ ബഗാന്‍ ടീമിലെ താരങ്ങളെ മത്സരം കാണാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ക്ഷണിച്ചിട്ടുണ്ട്.
ആദ്യമായി പെലെ മോഹന്‍ ബഗാനെതിരെ സൗഹൃദ മത്സരം കളിക്കാനെത്തിയപ്പോള്‍ ഇന്ത്യന്‍ ഇതിഹാസം പി കെ ബാനര്‍ജിയും സംഘവും കോസ്മോസിനെ 2-2ന് സമനിലയില്‍ തളച്ചിരുന്നു. മത്സരം കാണാന്‍ അന്ന് 65,000ത്തിലേറെ ആരാധകര്‍ ഈഡനിലെത്തി. പിന്നീട് 2015ലും 2018ലും വിവിധ പരിപാടികള്‍ അതിഥിയായി പെലെ ഇന്ത്യയിലെത്തിയിരുന്നു.