/kalakaumudi/media/post_banners/290aece50c949b8160eb786d3fd3cf55e1142e8598edf740cfe2d4e148a8896e.jpg)
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ലങ്കയുടെ നില പരിങ്ങലില്‍. 24 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 126 റണ്‍സ് എന്ന നിലയിലാണ് ലങ്ക.
ടോസ് നഷ്ടമായി ഫീല്‍ഡിംഗിനിറങ്ങിയ ഇന്ത്യ ലങ്കയെ എറിഞ്ഞുവീഴ്ത്തി ബൗളര്‍മാരുടെ തേരോട്ടം. ആറാം ഓവറില്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയെ വീഴ്ത്തി ആദ്യ പ്രഹരം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. 17 പന്തില്‍ 20 റണ്‍സെടുത്ത ആവിഷ്‌കയെ മുഹമ്മദ് സിറാജാണ് വീഴ്ത്തിയത്. പുതുതായി ടീമില്‍ ഇടം നേടിയ നുവാനിഡു ഫെര്‍ണാണ്ടോയാണ് ആവിഷ്‌കക്കൊപ്പം ഓപ്പണിംഗിനിറങ്ങിയത്. ആദ്യവിക്കറ്റില്‍ ഇരുവരും 29 റണ്‍സാണ് ചേര്‍ത്തത്.
തുടര്‍ന്നിറങ്ങിയ കുശാല്‍ മെന്‍ഡിസ് നുവാനിഡുവിനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും മെന്‍ഡിസിന്റെ പുറത്താകല്‍ ലങ്കയുടെ തുടര്‍ വിക്കറ്റുകള്‍ വീഴുന്നതിലേക്ക് നയിച്ചു. 17ാം ഓവറിലായിരുന്നു കുല്‍ദീപ് യാദവ് മെന്‍ഡിസിനെ പറഞ്ഞയച്ചത്. തൊട്ടടുത്ത ഓവറില്‍ ധനഞ്ജയ ഡിസില്‍വയെ അക്‌സര്‍ പട്ടേല്‍ പറഞ്ഞയച്ചതോടെ ലങ്ക സമ്മര്‍ദ്ദത്തിലായി. അരങ്ങേറ്റം ഗംഭീരമാക്കി അര്‍ദ്ധ സെഞ്ചുറി നേടിയ നുവാനിഡുവിനെ ശുഭ്മാന്‍ ഗില്‍ റണ്ണൗട്ടാക്കി. തുടര്‍ന്നിറങ്ങിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയെ രണ്ട് റണ്ണിന് കുല്‍ദീപ് പുറത്താക്കി. 15 റണ്‍സെടുത്ത ചരിത് അസലന്‍കയും നേരെ കുല്‍ദീപിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ലങ്ക അതീവ സമ്മര്‍ദ്ദത്തിലായി. രണ്ട് റണ്‍സെടുത്ത ദുനിതും ഒരു റണ്‍സെടുത്ത നിന്ദു ഹസരന്‍ഗയുമാണ് ക്രീസില്‍.
ലങ്കന്‍ ടീമില്‍ രണ്ടു മാറ്റങ്ങളും ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റവുമായാണ് കളത്തിലിറങ്ങുന്നത്. നുവായിന്‍ഡു ഫെര്‍ണാണ്ടോയും ലഹിരു കുമാരയുമാണ് പകരം ലങ്കയുടെ ആദ്യ ഇലവനിലെത്തിയത്. തോളിനേറ്റ പരിക്കാണ് നിസങ്കയെ ഒഴിവാക്കാന്‍ കാരണം.
ആദ്യ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന് പകരം ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. ഓപ്പണര്‍ സ്ഥാനത്ത് ഇഷാന്‍ കിഷനും മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനും ഇന്നും അവസരമില്ല. ശുഭ്മാന്‍ ഗില്‍ തന്നെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി എത്തുക.