By Shyma Mohan.02 02 2023
അഹമ്മദാബാദ്: ആകെ നയിച്ചത് നാല് ട്വിന്റി20 പരമ്പര. നാല് ടൂര്‍ണമെന്റുകളും ആധികാരിക ജയത്തോടെ സ്വന്തമാക്കിയ നേട്ടമായി ഇന്ത്യയുടെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ.
നായക കുപ്പായം തേടിയെത്തിയ സന്തോഷവും താരം മറച്ചുവെയ്ക്കുന്നില്ല. കരിയറിന്റെ അവസാന ഘട്ടത്തില്‍ രാജ്യത്തിനായി മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി സ്വീകരിച്ച റോള്‍ കളിക്കുന്നതില്‍ അതിയായ സന്തോഷമെന്ന് പാണ്ഡ്യ പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഓള്‍റൗണ്ട് മികവിനെ തുടര്‍ന്ന് പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റും ഇന്ത്യന്‍ നായകനെ തേടിയെത്തിയിരുന്നു. പവര്‍ പ്ലേയില്‍ വിക്കറ്റെടുത്തും പാണ്ഡ്യ പരമ്പരയില്‍ തിളങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് കീവീസ് വിക്കറ്റാണ് പാണ്ഡ്യ പിഴുതത്.
സമ്മര്‍ദ്ദഘട്ടത്തില്‍ എങ്ങനെ കളിക്കണമെന്നുള്ള നിലയിലേക്ക് ഉയരാന്‍ കഴിഞ്ഞതായി പാണ്ഡ്യ പറഞ്ഞു. ധോണിയെ പോലെ ശാന്തനായി ബാറ്റ് ചെയ്യുന്ന നിലയിലേക്ക് വളരേണ്ടതുണ്ട്. എപ്പോഴും സിക്‌സറുകള്‍ അടിക്കുന്നത് ആസ്വദിച്ചിരുന്നു. എന്നാല്‍ വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്ന നിലയിലേക്ക് പരിണമിക്കേണ്ടതുണ്ട്. അതിനായി താന്‍ സ്‌ട്രൈക്ക് റേറ്റ് ത്യജിക്കാന്‍ തയ്യാറാണെന്നും ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യുകയാണ് പ്രധാനമെന്നും പാണ്ഡ്യ പറയുന്നു.