ലൈംഗികാതിക്രമം: ബ്രസീല്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ അറസ്റ്റില്‍

By Shyma Mohan.20 01 2023

imran-azhar

 


മാഡ്രിഡ്: വെറ്ററന്‍ ബ്രസീല്‍ താരവും മുന്‍ ബാഴ്‌സലോണ ഡിഫന്‍ഡറുമായ ഡാനി ആല്‍വസ് സ്‌പെയിനില്‍ അറസ്റ്റില്‍.

 

ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞ മാസം ബാഴ്സലോണയിലെ ഒരു നിശാക്ലബില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. താരത്തിനെതിരെ സ്പാനിഷ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

 

ആല്‍വസ് അനുചിതമായി സ്പര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതി ജനുവരി 2 ന് കറ്റാലന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഡിസംബര്‍ 30-31 തീയതികളില്‍ ബാഴ്സലോണയിലെ പ്രശസ്തമായ നിശാക്ലബ്ബില്‍ വച്ചാണ് ലൈംഗികാതിക്രമം നടന്നതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 39കാരനായ ആല്‍വസ് നൈറ്റ് ക്ലബില്‍ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.

 

ഇപ്പോള്‍ മെക്‌സിക്കന്‍ ടീമിനുവേണ്ടി കളിക്കുന്ന ആല്‍വസ് ഖത്തര്‍ ലോകകപ്പിനുശേഷം അവധിക്കാലം ആഘോഷിക്കാന്‍ ബാഴ്സലോണയിലായിരുന്നു. പുരുഷ ലോകകപ്പില്‍ ബ്രസീലിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയായിരുന്നു ആല്‍വസ്.

 

 

OTHER SECTIONS