/kalakaumudi/media/post_banners/4ec04f42e0192805d8aee832031853231161abe40f72fbb9b4644e81a3f4909e.jpg)
പാരീസ്: ഏറെക്കാലം ഫ്രാന്‍സിന്റെ നായക കുപ്പായമണിഞ്ഞ ഹ്യഗോ ലോറിസിനെ ഇനി ഫ്രഞ്ച് ജേഴ്‌സിയില്‍ കാണാനാവില്ല.
രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ഹ്യൂഗോ ലോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2018ലെ ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുത്ത 36കാരനായ ലോറിസ് നാലു ലോകകപ്പുകളിലും മൂന്ന് യൂറോ കപ്പുകളിലും ഫ്രാന്‍സിനായി കളിച്ചു. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. അര്‍ജന്റീനക്കെതിരെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നും ചെയ്യാനായില്ലെങ്കിലും നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റില്‍ ബോക്‌സിന് പുറത്തു നിന്ന് ലിയോണല്‍ മെസി തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ലോറിസ് പറന്ന് തട്ടിയറ്റിയത് ആരും ഇപ്പോഴും മറന്നിട്ടുണ്ടാവില്ല.
എനിക്ക് പിന്നിൽ താരങ്ങൾ അവസരം കാത്ത് നിൽക്കുന്നുണ്ട്, കുടുംബത്തിനൊപ്പവും മക്കൾക്കൊപ്പവും സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു - വിരമിക്കൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി വിരമിക്കുന്നതിനെ പറ്റി ആലോചിക്കാറുണ്ട്, ഖത്തർ ലോകകപ്പിനിടയിലും ആ ചിന്ത വർധിച്ചു. അതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെന്നും ലോറിസ് പറഞ്ഞു. പതിനാലര കൊല്ലം ഫ്രാൻസിനായി കളിക്കാൻ സാധിച്ചത് വലിയ കാര്യമാണ്, എന്നാൽ മാനസികമായി വലിയ വെല്ലുവിളിയുമായിരുന്നു അത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുന്നതോടെ ഇനിയും കുറെ കാലം മികച്ച രീതിയിൽ ഫുട്ബോൾ കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
145 മത്സരങ്ങളില്‍ ഫ്രഞ്ച് ജേഴ്‌സി അണിഞ്ഞ സൂപ്പര്‍ നായകന്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരനുമാണ്. 2008ലായിരുന്നു അരങ്ങേറ്റം. 145 മത്സരങ്ങളില്‍ 121 മത്സരങ്ങളിലും ഹ്യൂഗോ ആയിരുന്നു നായകന്‍ എന്നതാണ് ഏറെ ശ്രദ്ധേയം.