By Shyma Mohan.18 01 2023
ഹൈദരാബാദ്: ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് സ്വന്തം. 23 വയസ്സ് മാത്രം പ്രായമുള്ള ഗില്‍ പിന്നിലാക്കിയത് ഇഷാന്‍ കിഷനെയാണ്.
വ്യക്തിഗത സ്‌കോര്‍ 182ല്‍ നില്‍ക്കേ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തിയാണ് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ഇരട്ട സെഞ്ചുറി നേടുമ്പോള്‍ 23 വയസും 132 ദിവസവുമാണ് ഗില്ലിന്റെ പ്രായം. 24 വയസും 145 ദിവസവും പ്രായമുള്ളപ്പോള്‍ 200 നേടിയ ഇഷാന്‍ കിഷന്റെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡുണ്ടായിരുന്നത്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് ശുഭ്മാന്‍ ഗില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(200), വീരേന്ദര്‍ സെവാഗ്(219), രോഹിത് ശര്‍മ്മ(208, 209. 264), ഇഷാന്‍ കിഷന്‍(210) എന്നിങ്ങനെയാണ് ഏകദിന ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍.
ന്യൂസിലാന്റിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഏറ്റവും കുറച്ച് മത്സരങ്ങളില്‍ നിന്ന് 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഗില്ലിന്റെ പേരിലായി. 19 മത്സരങ്ങളില്‍ നിന്നാണ് ഗില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. 24 ഏകദിനങ്ങളില്‍ നിന്നായി വിരാട് കോഹ്‌ലി നേടിയ 1000 റണ്‍സ് എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായി മാറിയിരിക്കുന്നത്.