/kalakaumudi/media/post_banners/e5026789556f5093ca0861b3193460cf8ebcc2a454670117b6ed81b2c9db7aff.jpg)
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇന്ത്യ - ശ്രീലങ്ക മത്സരത്തില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് ജയമായിരുന്നെങ്കിലും കാണാന്‍ കഴിഞ്ഞത് ഒഴിഞ്ഞ ഇരിപ്പിടങ്ങളായിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ആകെ ഇരിപ്പിടത്തിന്റെ മൂന്നില്‍ ഒന്ന് ടിക്കറ്റുകള്‍ പോലും വിറ്റ് പോയിരുന്നില്ല എന്നുള്ളത് രാജ്യത്തെ ക്രിക്കറ്റ് മേഖലയെ തന്നെ ഞെട്ടിച്ചിരുന്നു.
കാണികള്‍ കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ ഇനിയുള്ള കളികളുടെ കാര്യത്തില്‍ ബിസിസിഐ കടുത്ത നിലപാടുകള്‍ എടുത്തേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഇടങ്ങളില്‍ ഒന്നായിരുന്ന കേരളത്തില്‍ ഇത്രത്തോളം കാണികള്‍ കുറയാനുള്ള വസ്തുതയെ വളരെ ഗൗരവമായാണ് അധികൃതര്‍ എടുത്തിരിക്കുന്നത്. കാണികള്‍ കുറയാനുള്ള കാരണങ്ങള്‍ എന്തുതന്നെയായാലും ഇനിയൊരു വേദി കേരളത്തിന് നല്‍കുന്ന കാര്യത്തില്‍ ബിസിസിഐ വലിയ രീതിയില്‍ ആലോചനകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിയുടെ പരാമര്‍ശം ആളുകുറച്ചു എന്ന് കെസിഎ പത്രസമ്മേളനത്തില്‍ പറഞ്ഞെങ്കിലും കാണികള്‍ കുറഞ്ഞതിന് മറ്റു ചില കാരണങ്ങളാണ് അവര്‍ ബിസിസഐക്ക് മുന്നില്‍ വച്ചിരിക്കുന്നത്. ഉത്സവങ്ങളും പരീക്ഷകളുമാണ് കാണികള്‍ കുറയാന്‍ കാരണമെന്നും കൂടാതെ ശ്രീലങ്കയ്ക്കെതിരായ പരമ്പര ഇന്ത്യ നേടിയതും കാണികള്‍ കുറയാന്‍ കാരണമായെന്നുമാണ് കെസിഎ മുന്നോട്ടു വയ്ക്കുന്ന വാദം.
ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ കണ്ട് ആശങ്ക പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങും രംഗത്തെത്തിയിരുന്നു. സ്റ്റേഡിയം കണ്ട് ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ എന്നാണ് യുവരാജ് സിങ് തന്റെ ട്വീറ്റിലൂടെ ആശങ്ക പങ്കുവച്ചത്. എന്നാല്‍ അത് ഏകദിന ക്രിക്കറ്റിന്റെ പ്രശ്‌നമല്ല അമിത ടിക്കറ്റ് വില എന്ന് അറിയിച്ചുകൊണ്ട് മലയാളി ആരാധകര്‍ മറുപടി നല്‍കുകയും ചെയ്തു. ഈഡന്‍ ഗാര്‍ഡനില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 600 രൂപയാണെന്നും തിരുവനന്തപുരത്തെത്തിയപ്പോള്‍ ടിക്കറ്റിന്റെ വില 1400 ആയി ഉയര്‍ന്നുവെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ പട്ടിണി കിടക്കുന്നവര്‍ മത്സരം കാണാന്‍ വരണ്ടയെന്നാണ് കേരളത്തിലെ മന്ത്രി പറഞ്ഞതെന്നും ഇതിനെതിരെയുള്ള പ്രതിഷേധമാണ് കാര്യവട്ടത്തു കണ്ടതെന്നും ആരാധകര്‍ വ്യക്തമാക്കുകയായിരുന്നു.
ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പോലും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സ്ഥിതി കണ്ട് ഞെട്ടിപ്പോയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് തന്നെയാണ് രാഹുല്‍ ഗാന്ധി ഞെട്ടിയ കാര്യം മാധ്യമങ്ങളെ അറിയിച്ചതും. 37000 ഇരിപ്പിടശേഷിയുള്ള കാര്യവട്ടം സ്റ്റേഡിയത്തില്‍ മത്സരം ആരംഭിച്ചപ്പോള്‍ ഇരുപതിനായിരത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരം ആരംഭിച്ചശേഷവും ഗ്യാലറികളിലേറെയും ഒഴിഞ്ഞു കിടക്കുകയായിരുന്നു. രാജ്യത്തെ മറ്റ് സ്ഥലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന നികുതി ഈടാക്കിയത് കാര്യവട്ടം ഏകദിനത്തിന്റെ ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയരാന്‍ ഇടയാക്കിയതെന്നാണ് സൂചന. അമിത നികുതി ഈടാക്കുന്നതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെക്കുറിച്ച് മന്ത്രി പറഞ്ഞത്.ഈ പ്രസ്താവന കൂടിയായപ്പോള്‍ കാര്യവട്ടത്തേക്ക് വരേണ്ട എന്ന് ജനങ്ങള്‍ തീരുമാനിക്കുകയായിരുന്നു എന്ന് വ്യക്തം.
മത്സരം നടത്തുന്നത് കെസിഎ ആണെന്ന് ആളുകള്‍ക്കറിയില്ലെന്നും സര്‍ക്കാരാണ് നടത്തുന്നതെന്നാണ് അവര്‍ കരുതുന്നതെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയാകാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളിലെ 'ബോയ്‌കോട്ട് ക്രിക്കറ്റ്' എന്ന പ്രചാരണം തിരിച്ചടിയായി. കേരള ക്രിക്കറ്റ് അസോസിയേഷനാണ് മത്സരം നടത്തുന്നതെന്ന് കുറച്ചാളുകള്‍ക്ക് മാത്രമേ അറിയൂ. സര്‍ക്കാരാണ് മത്സരം നടത്തുന്നതെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. അപ്പോള്‍ അത്തരത്തിലൊരു കമന്റ് വരുമ്പോള്‍ ആളുകള്‍ സ്വാഭാവികമായി പ്രതികരിക്കുന്നത് അതിനോടാണെന്നും അദ്ദേഹം പറഞ്ഞു.