/kalakaumudi/media/post_banners/19d80f216bd473e2f4f8fd71acf7b18e00bf9d81dbf66f535b4954279d77b331.jpg)
പൂനെ: ശ്രീലങ്കക്കെതിരായ രണ്ടാം ട്വിന്റി20 മത്സരത്തില്‍ അവസാന പന്തില്‍ 17 റണ്‍സ് വേണമെന്നിരിക്കെ തോല്‍വി സമ്മതിച്ച് കൈകൊടുത്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനം. അവസാന പന്തില്‍ 17 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തില്‍ ഡഗ് ഔട്ടില്‍ നിന്ന് എഴുന്നേറ്റ് പാണ്ഡ്യ തോല്‍വി സമ്മതിച്ച് സഹതാരങ്ങള്‍ക്ക് കൈ കൊടുത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
ഒരു പന്തില്‍ 17 റണ്‍സെന്ന വിജയലക്ഷ്യം നേടുക എന്നത് ക്രിക്കറ്റില്‍ സംഭവിക്കാനിടയുള്ളതല്ലെങ്കിലും നോ ബോളുകളോ വൈഡുകളോ വന്നാല്‍ അപ്രാപ്യമെന്ന് പറയാനുമാവില്ല. ഇതിനിടെയാണ് മത്സരം ഓദ്യോഗികമായി പൂര്‍ത്തിയാവും മുമ്പെ ഹാര്‍ദിക് തോല്‍വി സമ്മതിച്ച് സഹതാരങ്ങള്‍ക്ക് ഹസ്തദാനം ചെയ്തത്. ക്യാപ്റ്റന്‍ തന്നെ ഇങ്ങനെ ചെയ്തതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.
ശ്രീലങ്കയുടെ നായകന്‍ ദാസുന്‍ ഷനക എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ശിവം മാവി സിംഗിളെടുത്തു. അടുത്ത പന്തില്‍ അക്‌സര്‍ പട്ടേല്‍ ഡബിള്‍ ഓടി. എന്നാല്‍ നിര്‍ണായക മൂന്നാം പന്തില്‍ അക്‌സര്‍ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. നാലാം പന്തില്‍ ഉമ്രാന്‍ മാലിക് സിംഗിളെടുക്കുകയും തോല്‍വി ഉറപ്പായതോടെ അഞ്ചാം പന്തില്‍ മാവി റണ്ണെടുക്കാതിരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹാര്‍ദിക് മത്സരം പൂര്‍ത്തിയായശേഷം നടത്താറുള്ള ഹസ്തദാനം നടത്തിയത്.