രഞ്ജി ട്രോഫിക്കിടെ അസുഖബാധിതനായ ഹിമാചല്‍ പേസര്‍ അന്തരിച്ചു

ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ഏറെ സാധ്യതകളുണ്ടായിരുന്ന ഹിമാചല്‍ പ്രദേശിന്റെ പേസര്‍ സിദ്ധാര്‍ത്ഥ ശര്‍മ്മ അന്തരിച്ചു.

author-image
Shyma Mohan
New Update
രഞ്ജി ട്രോഫിക്കിടെ അസുഖബാധിതനായ ഹിമാചല്‍ പേസര്‍ അന്തരിച്ചു

ഉന: ഭാവി ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ഏറെ സാധ്യതകളുണ്ടായിരുന്ന ഹിമാചല്‍ പ്രദേശിന്റെ പേസര്‍ സിദ്ധാര്‍ത്ഥ ശര്‍മ്മ അന്തരിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ അസുഖബാധിതനായി ചികില്‍സയിലായിരിക്കെ വഡോദരയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

രഞ്ജിയില്‍ ബറോഡയ്ക്ക് എതിരായ മത്സരത്തിനായി വഡോദരയില്‍ എത്തിയതിന് പിന്നാലെയാണ് അസുഖബാധിതനായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം രണ്ട് ആഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളിനെതിരെ ഡിസംബറില്‍ സിദ്ധാര്‍ഥ് ശര്‍മ്മ രഞ്ജി മത്സരം കളിച്ചിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ താരം അഞ്ച് വിക്കറ്റ് നേടി കയ്യടി വാങ്ങിയിരുന്നു. എന്നാല്‍ ഇതിന് ശേഷം എവേ മത്സരത്തിനായി വഡോദരയിലെത്തിയപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മത്സരത്തിന് മുമ്പ് ഛര്‍ദിയും മൂത്രമൊഴിക്കുന്നതില്‍ പ്രശ്നങ്ങളും നേരിട്ട താരത്തെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അവ്നിഷ് പാര്‍മര്‍ പറഞ്ഞു.

വൃക്കയടക്കമുള്ള ആന്തരികാവയവങ്ങള്‍ക്ക് തകരാറുള്ളതായി കണ്ടെത്തിയ താരത്തിന് വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചികിത്സക്കിടെ വീണ്ടും ആരോഗ്യനില ഗുരുതരമാകുകയായിരുന്നു. സിദ്ധാര്‍ഥിന് മികച്ച ചികില്‍സ ഉറപ്പുവരുത്താന്‍ ഐപിഎല്‍ ചെയര്‍മാനും ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ അരുണ്‍ ധുമാല്‍ ഇടപെട്ടിരുന്നു.

2017-18 സീസണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സിദ്ധാര്‍ഥ് രഞ്ജിയില്‍ 25 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2022ല്‍ വിജയ് ഹസാരെ ട്രോഫി നേടിയ ചിമാചല്‍ ടീമില്‍ അംഗമായിരുന്നു. വിജയ് ഹസാരെയില്‍ ആറ് കളികളില്‍ എട്ട് വിക്കറ്റ് സ്വന്തമാക്കി.

Himachal Pacer Sidharth sharma