By Priya.14 01 2023
ബൊന്‍: ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ 2022ലെ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് 11 കളിക്കാരെ തെരഞ്ഞെടുത്തത്.
ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയ അര്‍ജന്റീന താരം എമിലിയാനോ മാര്‍ട്ടിനസ്, പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രസീല്‍ താരം നെയ്മര്‍ ജൂനിയര്‍ എന്നിവര്‍ക്ക് ലോക ഇലവനില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല.
റയല്‍ മാഡ്രിഡിന്റെ തിബോത് കോര്‍ത്വയാണ് ലോക ഇലവന്റെ ഗോള്‍കീപ്പര്‍. പിഎസ്ജിയുടെ അഷ്‌റഫ് ഹക്കീമി, ആര്‍ ബി ലൈപ്‌സിഷിന്റെ ജോസ്‌കോ ഗ്വാര്‍ഡിയോള്‍, ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ ഡൈക്, ബയേണ്‍ മ്യൂണിക്കിന്റെ അല്‍ഫോന്‍സോ ഡേവീസ് എന്നിവരാണ് പ്രതിരോധത്തില്‍.
റയല്‍ മാഡ്രിഡിന്റെ ലൂക്ക മോഡ്രിച്ച്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയ്ന്‍, പിഎസ്ജിയുടെ ലയണല്‍ മെസി എന്നിവരാണ് മധ്യനിരയിലുള്ളത്.
പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാലന്‍ഡ്, റയലിന്റെ കരീം ബെന്‍സേമ എന്നിവരാണ് മുന്നേറ്റനിരയില്‍.