അണ്ടര്‍ 19 വനിതാ ലോകകപ്പ്: കീവീസിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍.

author-image
Shyma Mohan
New Update
അണ്ടര്‍ 19 വനിതാ ലോകകപ്പ്: കീവീസിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

കേപ്ടൗണ്‍: പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ ന്യൂസിലാന്‍ഡിനെ 107 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കൂട്ടിയിരുന്നു. 108 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 45 പന്തില്‍ പുറത്താകാതെ ശ്വേത സെഹ്രാവത് നേടിയ 61 റണ്‍സാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നേടി ന്യൂസിലാന്‍ഡിനെ വരിഞ്ഞുമുറുക്കിയ പര്‍ഷവി ചോപ്ര ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മയെയാണ് ആദ്യം നഷ്ടമായത്. ഇന്ത്യന്‍ സ്‌കോര്‍ 33ല്‍ നില്‍ക്കേയായിരുന്നു ഷെഫാലി പുറത്തായത്. 10 റണ്‍സായിരുന്നു ഷെഫാലി വര്‍മ്മയുടെ സമ്പാദ്യം. തുടര്‍ന്ന് ശ്വേത- സൗമ്യ തിവാരി (26പന്തില്‍ 22) സഖ്യം ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു. എന്നാല്‍ സൗമ്യക്ക് വിജയത്തിന് മുന്നെ മടങ്ങേണ്ടി വന്നു. പിന്നാലെ ഗൊങ്കടി തൃഷയെ ഒരറ്റത്ത് നിര്‍ത്തി ശ്വേത ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ ശ്വേത അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 45 പന്തില്‍ എട്ട് ഫൊറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ശ്വേതയുടെ ഇന്നിംഗ്സ്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് 35 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മറുടെ ഇന്നിംഗ്സാണ് ആശ്വാസമായത്. തുടക്കത്തിലെ കിവീസിന് തിരിച്ചടിയേറ്റു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അന്ന ബ്രൗണിങിനെ ഒരു റണ്ണില്‍ നില്‍ക്കെ നഷ്ടമായി. മന്നത് കശ്യപിനായിരുന്നു വിക്കറ്റ്. മൂന്നാം ഓവറില്‍ മറ്റൊരു ഓപ്പണറായ എമ്മ മക്ലോയ്ഡും രണ്ട് റണ്‍സില്‍ മടങ്ങിയതോടെ ന്യൂസിലാന്‍ഡ് സമ്മര്‍ദ്ദത്തിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജോര്‍ജിയ പ്ലിമ്മറും ഇസബെല്ല ഗേസും ഒത്തുചേര്‍ന്നതോടെ കിവീസ് സ്‌കോര്‍ ബോര്‍ഡിന് അനക്കം വെച്ചു.

ഇരുവരും ചേര്‍ന്ന് കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും തകര്‍ത്തടിച്ച ഗേസിനെ (22 പന്തില്‍ 26) മടക്കി പര്‍ഷവി ആദ്യ വിക്കറ്റ് നേടി. കിവീസ് സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സെ ഉണ്ടായിരുന്നുള്ളു അപ്പോള്‍. പിന്നീടെത്തിയ ക്യാപ്റ്റന്‍ ഇസി ഷാര്‍പ്പിനും(13) ക്രീസില്‍ അധികം ആയുസുണ്ടായില്ല. 14 പന്തില്‍ 13 റണ്‍സെടുത്ത ഷാര്‍പ്പിനെയും പിന്നാലെയെത്തി എമ്മ ഇര്‍വിന്‍(3), കേറ്റ് ഇര്‍വിന്‍ (2) എന്നിവരെയും മടക്കിയ പര്‍ഷവി കിവീസിന്റെ നടുവൊടിച്ചു. പിടിച്ചു നിന്ന പ്ലിമ്മറെ(32 പന്തില്‍ 35) അര്‍ച്ചനാ ദേവി വീഴ്ത്തിയതോടെ കിവീസിന്റെ പോരാട്ടം തീര്‍ന്നു.

കിവീസ് നിരയില്‍ നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പര്‍ഷവിക്ക് പുറമെ തിദാസ് സദു, മന്നത് കശ്യപ്, ഷെഫാലി, അര്‍ച്ചന ദേവി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IND-W U19 vs NZ-W U19 World Cup