ജയിച്ചുകയറണം; ഇന്ത്യ - സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റ് ബുധനാഴ്ച ആരംഭിക്കും

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ബുധനാഴ്ച കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ തുടക്കമാവും. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചു ഇതു ഡു ഓര്‍ ഡൈ മാച്ചാണ്.

author-image
webdesk
New Update
ജയിച്ചുകയറണം;  ഇന്ത്യ - സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റ് ബുധനാഴ്ച ആരംഭിക്കും

കേപ്ടൗണ്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ബുധനാഴ്ച കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ തുടക്കമാവും. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചു ഇതു ഡു ഓര്‍ ഡൈ മാച്ചാണ്. പരമ്പരയില്‍ 0-1നു പിന്നിലായതിനാല്‍ ജയിക്കാനായാല്‍ മാത്രമേ രോഹിത് ശര്‍മയ്ക്കും സംഘത്തിനും തലയുയര്‍ത്തി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളൂ. സൗത്താഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര ജയിക്കുകയെന്ന ഇന്ത്യയുടെ മോഹം ഇത്തവണയും യാഥാര്‍ഥ്യമായില്ല.

ഇനി പരമ്പര സമനിലയിലെങ്കിലും അവസാനിപ്പിക്കാനായാല്‍ അതു രോഹിത്തിനും സംഘത്തിനും ആശ്വാസമാവും. സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ പൊരുതാന്‍ പോലുമാവാതെയാണ് ഇന്ത്യ കനത്ത പരാജയത്തിലേക്കു കൂപ്പുകുത്തിയത്. വെറും മൂന്നു ദിവസം കൊണ്ട് തന്നെ സൗത്താഫ്രിക്ക ഇന്ത്യയെ തീര്‍ക്കുകയായിരുന്നു. ഇന്നിങ്സിന്റെയും 32 റണ്‍സിന്റെയും വിജയമാണ് അവര്‍ ആഘോഷിച്ചത്.\

രണ്ടാം ടെസ്റ്റ് ഇന്ത്യന്‍ ടീമിനു മാത്രമല്ല ടീമിലെ ചില കളിക്കാര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലണ്ടിനെതിരേ ഈ മാസം അവസാനം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ചിലര്‍ക്കു സൗത്താഫ്രിക്കയ്ക്കെതിരേ കസറിയേ തീരൂ. ഇതിലും നിറംമങ്ങിയാല്‍ ഇംഗ്ലണ്ടിനെതിരേ ഇവര്‍ തഴയപ്പെട്ടേക്കും.

യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. സൗത്താഫ്രിക്കയുമായുള്ള ഒന്നാം ടെസ്റ്റിലൂടെയായിരുന്നു റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം. പക്ഷെ കന്നി ടെസ്റ്റില്‍ പ്രസിദ്ധ് തികഞ്ഞ പരാജയമായി മാറുകയായിരുന്നു. 20 ഓവറില്‍ 4.7 ഇക്കോണമി റേറ്റില്‍ 93 റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്. വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രം.

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് സൗത്താഫ്രിക്കയ്ക്കെതിരേ ഫ്ളോപ്പായാല്‍ ഇംഗ്ലണ്ടിനെതിരേ പുറത്താവാനിടയുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരം. ആദ്യ ടെസ്റ്റില്‍ ബോള്‍ കൊണ്ടോ, ബാറ്റ് കൊണ്ടോ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങിലെ ഏറ്റവും വലിയ ദുരന്തം ശര്‍ദ്ദുലായിരുന്നു. 19 ഓവറില്‍ 5.30 എന്ന മോശം ഇക്കോണമി റേറ്റില്‍ 101 റണ്‍സ് അദ്ദേഹം വാരിക്കോരി നല്‍കിയിരുന്നു.

യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലാണ് രണ്ടാം ടെസ്റ്റ് നിര്‍ണായകമായി മാറിയിരിക്കുന്ന മൂന്നാമത്തെയാള്‍. ഏകദിനത്തില്‍ അവിശ്വസനീയ ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിനു ടെസ്റ്റില്‍ പക്ഷെ ഈ മികവ് ആവര്‍ത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ചേതേശ്വര്‍ പുജാരയുടെ പൊസിഷനായ മൂന്നാം നമ്പറിലാണ് ഗില്‍ ടെസ്റ്റില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

20 ടെസ്റ്റുകള്‍ കളിച്ചിട്ടും 1000 റണ്‍സ് പോലും തികയ്ക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ടെസ്റ്റ് ടീമിലെ സ്ഥാനത്തോടു നീതി പുലര്‍ത്താന്‍ സാധിക്കാത്ത ഗില്ലിനെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പുറത്ത് ഇരുത്തിയേക്കും. ഇതു ഒഴിവാക്കണമെങ്കില്‍ സൗത്താഫ്രിക്കയ്ക്കെതിരേ വലിയൊരു ഇന്നിങ്സ് അദ്ദേഹത്തിനു ആവശ്യമാണ്.

india cricket south africa Latest News newsupdate