/kalakaumudi/media/post_banners/983c3d8fea775b1cee26069806f1e600182fc5959490ae665242bc29b384c2a2.jpg)
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് കുതിക്കുന്നു. തുടര്‍ച്ചയായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ എടികെ മോഹന്‍ ബഗാനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.
കലൂര്‍ സ്റ്റേഡിയത്തില്‍ ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ 3-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. ഡാനിയേല്‍ ചിമ ചുക്വുവിലൂടെ ജംഷഡ്പൂര്‍ ഒരു ഗോള്‍ മടക്കി. 12 മത്സരങ്ങളില്‍ 25 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ജംഷഡ്പൂര്‍ 10ാം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ അഞ്ച് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.
ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടിയത്. ദിമിത്രിയോസ് ഡയമന്റാകോസിന്റെ അസിസ്റ്റില്‍ ജിയാനുവിന്റെ ഗോള്‍. എന്നാല്‍ എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. റാഫേല്‍ ക്രിവെല്ലാരോയുടെ ത്രൂ ബാള്‍ ഇഷാന്‍ പണ്ഡിതയ്ക്ക്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ ക്ലിയര്‍ ചെയ്യാന്‍ ഓടിക്കയറി. ഗില്‍ ക്ലിയര്‍ ചെയ്തെങ്കിലും ചുക്വുവിന്റെ കാലിലാണ് പന്ത് കിട്ടിയത്. ഗോളിയില്ലാ പോസ്റ്റിലേക്ക് മനോഹരമായി ചിപ് ചെയ്ത് അദ്ദേഹം ഗോളാക്കി.
31-ാം മിനിറ്റില്‍ ഒരിക്കല്‍കൂടി മഞ്ഞപ്പട മുന്നിലെത്തി. ഇത്തവണ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. കിക്കെടുത്ത ദിമിത്രിയോസിന് പിഴിച്ചില്ല. സ്‌കോര്‍ 2-1. 65ാം മിനിറ്റില്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോള്‍. ഇത്തവണ ജിയാനുവാണ് ഗോളിന് അവസരം ഒരുക്കിയത്.