സുനിൽ ഛേത്രി ചൈനയിൽ;21 നു കേരള ബ്ലാസ്റ്റേഴ്സ് ബദ്ധവൈരികളായ ബെംഗലൂരു എഫ്‌സിയെ നേരിടും

By Hiba.21 09 2023

imran-azhar

 

 


കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 21നു ഐ എസ് എൽ പത്താം സീസൺ കിക്കോഫ് നടക്കും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് ബദ്ധശത്രുക്കളായ ബെംഗലൂരു എഫ്‌സിയെ നേരിടും.

 

രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക. ‘കഴിഞ്ഞ സീസണിൽ സംഭവിച്ചതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. അത് ഒരു വിധത്തിലും ബാധിക്കില്ല. പാസ്റ്റ് ഈസ് പാസ്റ്.ഇതു പുതിയ സീസൺ, പുതിയ തുടക്കം, പുതിയ പ്രതീക്ഷകൾ’’– കഴിഞ്ഞ സീസണിലെ ബെംഗളൂരു എഫ്സി – ബ്ലാസ്റ്റേഴ്സ് ‘വിവാദ’ പ്ലേഓഫിനെക്കുറിച്‌ ഇരുവരുടെയും വാക്കുകൾ.

 

എന്നാൽ ഒന്നും മറന്നിട്ടില്ല കേരള ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും. കണക്ക് തീര്‍ക്കാൻ തന്നെയാണ് കൊമ്പന്മാര്‍ കളത്തിലിറങ്ങുന്നത്.അന്നത്തെ മത്സരത്തിനിടെ, ബ്ലാസ്റ്റേഴ്സ് ടീമിനെ കളത്തിൽ നിന്നു പിൻവലിച്ച കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ 10 മത്സര വിലക്കു പൂർത്തിയായിട്ടില്ല.

 

4 മത്സരങ്ങളിൽ കൂടി വിലക്കു നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ഇന്നു ടീമിനൊപ്പം ഇറങ്ങാനാകില്ല. അന്നത്തെ ‘വിവാദ’ ഗോളടിച്ച ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ടീമിനൊപ്പം ചൈനയിലാണ്.

 

 

മൂന്ന് തവണ കയ്യെത്തും ദൂരത്ത് നഷ്ടമായ കിരീടം ഇത്തവണ നേടാൻ ഉറച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ടീമിൽ അഴിച്ചുപണികൾ ആവോളം നടത്തിയിട്ടുണ്ട് കോച്ച് ഇവാൻ വുകോമനോവിച്ച്. കഴിഞ്ഞ തവണ, പരിക്കേറ്റവര്‍ക്ക് പകരക്കാരില്ലാതെ വീണുപോയ ക്ഷീണം ഇത്തവണയുണ്ടാവില്ല.

 

 

പ്രതിരോധത്തിൽ മാര്‍ക്കോ ലെസ്കോവിച്ചിന് കൂട്ടായി മിലോസ് ഡ്രിൻസിച്ചെത്തി. മോഹൻബഗാനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ പ്രീതം കോട്ടാൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് കോട്ട കാക്കാനുണ്ട്.

 

മധ്യനിരയുടെ ചുക്കാൻ പിടിക്കുന്നതിനൊപ്പം ക്യാപ്റ്റന്‍റെ ഉത്തരവാദിത്വം കൂടി അഡ്രിയാൻ ലൂണയ്ക്കുണ്ട്. കൂട്ടിന് ജീക്സൻ സിംഗ് , ഡാനിഷ് ഫാറൂഖ് എന്നിവര്‍ കൂടി ചേരുമ്പോൾ മധ്യനിരയിലെ നീക്കങ്ങൾ ചടുലമാകും.

 

 

ഗോളടിയുടെ ഉത്തരവാദിത്വം ദിമിത്രിയോസ് ഡയമന്‍റക്കോസിലാണ്. കൂട്ടിന് ഘാന താരം ക്വാമി പെപ്രയും, ജപ്പാൻ താരം ദെയ്സുകി സകായുമുണ്ട്. മലയാളിയായ നിഹാൽ സുധീഷും, ബിദ്യാസിംഗ് സാഗറും കൂടി ചേരുമ്പോൾ അക്രമണത്തിന് ഒട്ടും കുറവുണ്ടാകില്ല.

 

സസ്പെൻഷൻ മൂലം തന്ത്രങ്ങളോതാൻ ഇവാൻ വുകോമനോവിച്ചിന് ഡഗ് ഔട്ടിലെത്താനാവില്ല. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് കളിക്കുന്ന കെ.പി.രാഹുലിന്‍റെ സേവനവും ബ്ലാസ്റ്റേഴ്സിന് ഇന്നുണ്ടാവില്ല.

OTHER SECTIONS