/kalakaumudi/media/post_banners/9275f3883db0c24667c35dec8f5407149624749b594ae57b79dce84de6f62e9e.jpg)
തിരുവനന്തപുരം: മൂന്നാം ഏകദിനത്തിനായി ഇന്ത്യയുടെയും ലങ്കയുടെയും താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങും. കൊല്‍ക്കത്തയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് വൈകിട്ട് നാല് മണിക്ക് ഇരു ടീമും എത്തുക.
ഇന്ന് ടീമുകള്‍ക്ക് പരിശീലനമില്ല. നാളെ ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണിവരെ ലങ്കയും അഞ്ച് മണി മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും പരിശീലനത്തിന് ഇറങ്ങുക.
മത്സരത്തിനായി ബാറ്റിംഗ് ട്രാക്കാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇവിടെ നടന്ന അവസാന ട്വന്റി 20 മത്സരത്തില്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഒരുക്കിയതെങ്കിലും ബൗളര്‍മാര്‍ മുന്‍തൂക്കം നേടിയ സാഹചര്യത്തില്‍ പുതിയ പിച്ചാണ് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിനായി ഒരുക്കിയിരിക്കുന്നത്. പരമാവധി റണ്‍സ് ബാറ്റര്‍മാര്‍ക്ക് നേടാന്‍ കഴിയുന്ന തരത്തിലാണ് പിച്ച് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ക്യുറേറ്റര്‍മാര്‍ നല്‍കുന്ന വിവരം.
മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം എന്നതിനാല്‍ കനത്ത വെയില്‍ ടിക്കറ്റ് വില്‍പനയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ടിക്കറ്റിന്റെ വിലയുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലനില്‍ക്കുന്നു. നാല്‍പതിനായിരം പേര്‍ക്കിരുന്ന് കളി കാണാനുള്ള സൗകര്യം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനുണ്ട്.