ആദ്യ ട്വിന്റി20: ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വിന്റി20യില്‍ ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം.

author-image
Shyma Mohan
New Update
ആദ്യ ട്വിന്റി20: ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം

 

 

റാഞ്ചി: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വിന്റി20യില്‍ ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി.

 

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സന്ദര്‍ശകരെ ബാറ്റിംഗിന് വിടുകയായിരുന്നു. എന്നാല്‍ മോശമല്ലാത്ത തുടക്കമാണ് ന്യൂസിലാന്‍ഡിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 42 റണ്‍സാണ് അലന്‍- കോണ്‍വെ സഖ്യം കൂട്ടിചേര്‍ത്തത്. എന്നാല്‍ അഞ്ചാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഫിന്‍ അലന്‍(35), മാര്‍ക് ചാംപ്മാന്‍(0) എന്നിവരാണ് ആദ്യം പുറത്തായത്. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു രണ്ട് വിക്കറ്റുകളും. ഒരു ഓവറില്‍ അലനേയും ചാപ്മാനേയും സുന്ദര്‍ മടക്കി. അലന്‍, വാഷിംഗ്ടണ്‍ സുന്ദറിന്റെ കൈകളില്‍ ഒതുങ്ങി. ചാപ്മാനെ സ്വന്തം പന്തില്‍ സുന്ദര്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.

തുടര്‍ന്ന് നാലാമനായി ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സിനൊപ്പം ചേര്‍ന്ന് ദെവോണ്‍ കോണ്‍വെ 100 കടത്തി. എന്നാല്‍ കുല്‍ദീപ് യാദവ് ഫിലിപ്‌സിനെ പറഞ്ഞയച്ച് വീണ്ടും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. 35 പന്തില്‍ 52 റണ്‍സെടുത്ത ഓപ്പണര്‍ കോണ്‍വെയാണ് കീവീസിന്റെ ടോപ് സ്‌കോറര്‍. അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ കോണ്‍വെയെ അര്‍ഷ്ദീപ് സിംഗ് ഹൂഡയുടെ കൈകളിലെത്തിച്ചു. കീവീസ് സ്‌കോര്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ മിച്ചല്‍ ബ്രേസ്‌വെല്ലിനെ റണ്ണൗട്ടാക്കി ഇന്ത്യ കീവീസിന് തടയിട്ടു. ഏഴ് റണ്‍സെടുത്ത സാന്റ്‌നറെ ശിവം മാവി പുറത്താക്കി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡാരല്‍ മിച്ചലാണ് കീവീസ് സ്‌കോര്‍ ഉയര്‍ത്തിയത്. 30 പന്തുകളില്‍ നിന്നായിരുന്നു മിച്ചലിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി. അഞ്ച് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇ്ന്നിംഗ്‌സ്.

India Vs New Zealand 1st T20I