അരങ്ങേറ്റം ഉജ്വലമാക്കി ശിവം മവി; ഇന്ത്യക്ക് 2 റണ്‍സിന്റെ ആവേശജയം

163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയെ 160 റണ്‍സിന് പുറത്താക്കി. ഇന്ത്യക്ക് രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം.

author-image
Shyma Mohan
New Update
അരങ്ങേറ്റം ഉജ്വലമാക്കി ശിവം മവി; ഇന്ത്യക്ക് 2 റണ്‍സിന്റെ ആവേശജയം

മുംബൈ: ആദ്യ ട്വിന്റി20യില്‍ ലങ്കക്കെതിരെ ഇന്ത്യക്ക് ആവേശോജ്വല ജയം. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയെ 160 റണ്‍സിന് പുറത്താക്കി. ഇന്ത്യക്ക് രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം.

അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് പിഴുത ശിവം മവിയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. 27 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദാസുന്‍ ഷനാകയാണ് ടോപ്‌സ്‌കോറര്‍. പേസര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ശിവം മവിക്ക് പുറമെ ഉമ്രാന്‍ മാലിക് നിര്‍ണ്ണായക രണ്ട് വിക്കറ്റ് പിഴുതു. ദാസുന്‍ ഷനാകയുടെയും ചരിത് അസലന്‍കയുടെയും വിക്കറ്റുകളാണ് മാലിക് പിഴുതത്. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ നേടി.

കുശാല്‍ മെന്‍ഡിസ് 28, ധനഞ്ജയ ഡിസില്‍വ 2, പാതും നിസന്‍ക 1, ചരിത് അസലന്‍ക 12, ഭാനുക രാജപക്‌സ 10, വനിന്ദു ഹസരന്‍ക 21, മഹേഷ് തീക്ഷണ 1, കാസുന്‍ രജിത 5, ദില്‍ഷന്‍ പൂജ്യം റണ്ണിനും പുറത്തായി. 16 പന്തില്‍ 23 റണ്‍സെടുത്ത് ചാമിക കരുണരത്‌നെ പുറത്താകാതെ നിന്നു.

23 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന മലയാളി താരം സഞ്ജു സാംസണ് മികച്ച ഇന്നിംഗ്‌സ് പുറത്തെടുക്കാനായില്ല. കേവലം അഞ്ചു റണ്‍സെടുത്ത് സഞ്ജു പുറത്തായി. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 29 പന്തില്‍ 37 റണ്‍സും അക്‌സര്‍ പട്ടേല്‍ 20 പന്തില്‍ 31 റണ്‍സും നേടി. ട്വിന്റി20യില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്ലിന് ഏഴ് റണ്‍സ് മാത്രമാണ് നേടാനായത്. സൂര്യകുമാര്‍ യാദവ് ഏഴ് റണ്‍സിനും ഹാര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 29 റണ്‍സിനും പുറത്തായി.

ലങ്കക്കുവേണ്ടി ദില്‍ഷന്‍ മധുശങ്ക, മഹേഷ് തീക്ഷണ, ധനഞ്ജയ ഡിസില്‍വ, ചാമിക കരുണരത്‌ന, വനിന്ദു ഹസരംഗ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

India Vs Sri Lanka Ist T20I Shivam Mavi