/kalakaumudi/media/post_banners/0d4198a29380942622a0ac014a8bf7e0bf3fb40b0731d3043a6d805c897d59fd.jpg)
തിരുവനന്തപുരം: ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഇറങ്ങുക പ്രധാന മാറ്റങ്ങളോടെ.
രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കെ പ്ലേയിംഗ് ഇലവനില്‍ ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരുന്ന ഓപ്പണര്‍ ഇഷാന്‍ കിഷന്‍ എത്തിയേക്കും. ഏകദിന ലോകകപ്പ് വരാനിരിക്കുന്ന വേളയില്‍ ബാറ്റിംഗ് കരുത്ത് തെളിയിക്കാന്‍ രോഹിത് ശര്‍മ്മയ്ക്കുള്ള സുവര്‍ണാവസരമാണ് കാര്യവട്ടത്തെ പോരാട്ടം. മധ്യനിര താരം സൂര്യകുമാര്‍ യാദവും പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷ. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇറങ്ങുകയാണെങ്കില്‍ ശുഭ്മാന്‍ ഗില്ലിനും ശ്രേയസ് അയ്യരിനും വിശ്രമം അനുവദിക്കും.
ആദ്യ ഏകദിനത്തില്‍ 70 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ രണ്ടാം ഏകദിനത്തില്‍ 21 റണ്‍സില്‍ പുറത്തായിരുന്നു. എന്നാല്‍ ഇതല്ല ഗില്ലിന്റെ സ്ഥാനം നഷ്ടമാക്കുന്നത്. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി നേടിയിട്ടും ലങ്കയ്ക്ക് എതിരെ ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്ന ഇഷാന്‍ കിഷന് അവസരം നല്‍കുകയാണ് ടീം ലക്ഷ്യമിടുക. ഗുവാഹത്തിയിലും കൊല്‍ക്കത്തയിലും ഇഷാനെ കളിപ്പിക്കാതിരുന്നതില്‍ വിമര്‍ശനം ശക്തമായിരുന്നു. ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കും എതിരായ പരമ്പരകള്‍ വരാനുള്ളതിനാല്‍ ഗില്ലിന്റെ ഫിറ്റ്നസ് സംരക്ഷിക്കേണ്ടതും ടീമിന് പ്രധാനമാണ്.
മൂന്നാം രാജ്യാന്തര ട്വന്റി 20 സെഞ്ചുറി നേടിയിട്ടും ഏകദിനങ്ങളില്‍ പുറത്തിരിക്കേണ്ടിവന്ന സൂര്യകുമാര്‍ യാദവിനും നാലാം നമ്പറിലേക്കുള്ള തിരിച്ചുവരവായേക്കും തിരുവനന്തപുരത്തെ മത്സരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് സൂര്യ അവസാനമായി ഏകദിനം കളിച്ചത്. ലങ്കയ്ക്ക് എതിരെ രണ്ട് ഏകദിനങ്ങളിലും ലഭിച്ച മികച്ച തുടക്കം മുതലാക്കാന്‍ അയ്യര്‍ക്കായിരുന്നില്ല. രണ്ടാം ഏകദിനത്തില്‍ മാച്ച് വിന്നിംഗ് ഫിഫ്റ്റി നേടിയതോടെ കെ എല്‍ രാഹുല്‍ ടീമില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ന്യൂസിലന്‍ഡ് പരമ്പര മുന്‍നിര്‍ത്തി ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം നല്‍കിയേക്കാം. സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ ടീം ഇന്ത്യ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരുമോ എന്നതും നിലനില്‍ക്കുന്നു.