ഇന്‍ഡോറിലും പരമ്പര തൂത്തുവാരി ഇന്ത്യ; ഐസിസി റാങ്കിംഗില്‍ ഒന്നാമത്

By Shyma Mohan.24 01 2023

imran-azhar

 


ഇന്‍ഡോര്‍: മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 90 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യക്ക് ജയവും പരമ്പരയും. ജയത്തോടെ ഇന്ത്യ ഐസിസി ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.

 

386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി. ഇന്ത്യക്ക് 90 റണ്‍സിന്റെ മിന്നും ജയം. കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി. ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാം ഏകദിനം 8 വിക്കറ്റിനും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര തൂത്തുവാരി.

 

മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടപ്പെട്ടായിരുന്നു കീവീസ് ബാറ്റിംഗ് ആരംഭിച്ചത്. രണ്ടാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യ തിരിച്ചടി നല്‍കിയത്. ടീം അക്കൗണ്ട് തുറക്കും മുമ്പ് ഫിന്‍ അലനെ പൂജ്യം റണ്‍സിന് ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ഡാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ദേവോണ്‍ കോണ്‍വേയും ഹെന്റി നിക്കോള്‍സും ന്യൂസിലന്‍ഡിനെ 100 കടത്തി. 15-ാം ഓവറിലെ അഞ്ചാം പന്തില്‍ കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 40 പന്തില്‍ 42 റണ്‍സെടുത്ത നിക്കോള്‍സ് എല്‍ബിയില്‍ പുറത്താവുകയായിരുന്നു. കോണ്‍വേ-നിക്കോള്‍സ് സഖ്യം രണ്ടാം വിക്കറ്റില്‍ 106 റണ്‍സെടുത്തു.

 

എന്നാല്‍ ഒരുവശത്ത് തകര്‍ത്തടിച്ച് ദേവോണ്‍ കോണ്‍വേ 71 പന്തില്‍ മൂന്നാം ഏകദിന സെഞ്ചുറി കണ്ടെത്തി. മൂന്നാമനായി ഡാരില്‍ മിച്ചലിന്റെ വിക്കറ്റ് വീണതോടെ കിവികള്‍ വീണ്ടും ഞെട്ടി. 31 പന്തില്‍ 24 റണ്‍സെടുത്ത മിച്ചലിനെ 26-ാം ഓവറിലെ ആദ്യ പന്തില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്റെ കിഷന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത ബോളില്‍ ക്യാപ്റ്റന്‍ ടോം ലാഥം ഗോള്‍ഡന്‍ ഡക്കായി ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തി. എന്നാല്‍ ഹാട്രിക് തികയ്ക്കാന്‍ ഠാക്കൂറിനായില്ല. തന്റെ അടുത്ത ഓവറില്‍ ഗ്ലെന്‍ ഫിലിപ്സിനെ(7 പന്തില്‍ 5) കോഹ്‌ലിയുടെ കൈകളിലാക്കി ഠാക്കൂര്‍.

 

32-ാം ഓവറില്‍ കോണ്‍വേയുടെ പോരാട്ടം ഉമ്രാന്‍ മാലിക് അവസാനിപ്പിച്ചു. 100 പന്തില്‍ 12 ഫോറും 8 സിക്സും പറത്തി 138 റണ്‍സെടുത്ത കോണ്‍വേ രോഹിത്തിന്റെ കൈകളില്‍ എത്തുകയായിരുന്നു. 22 പന്തില്‍ 26 റണ്‍സെടുത്ത മൈക്കല്‍ ബ്രേസ്വെലിനെ കുല്‍ദീപിന്റെ പന്തില്‍ ഇഷാന്‍ സ്റ്റംപ് ചെയ്തതോടെ കളി ഇന്ത്യയുടെ കയ്യിലായി. ലോക്കീ ഫെര്‍ഗ്യൂസനെ ഏഴു റണ്‍സിന് കുല്‍ദീപും ജേക്കബ് ഡഫിയെ പൂജ്യത്തിനും 29 പന്തില്‍ 34 റണ്‍സെടുത്ത മിച്ചല്‍ സാന്റ്നറിനെയും ചാഹലും പുറത്താക്കിയതോടെ കിവീസ് പരാജയം സമ്പൂര്‍ണമായി. ബ്ലെയര്‍ ടിക്നര്‍ പൂജ്യം റണ്‍സുമായി പുറത്താകാതെ നിന്നു.

 


നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറി കരുത്തില്‍ 385 റണ്‍സ് അടിച്ചുകൂട്ടി.

 

ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 385 റണ്‍സ് അടിച്ചെടുത്തത്. ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മൈക്കല്‍ ബ്രേസ്വെല്ലിന് ഒരു വിക്കറ്റ് പിഴുതു.

 

നായകന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഗില്‍ - രോഹിത് സഖ്യം 212 റണ്‍സ് കൂട്ടിചേര്‍ത്തു. രോഹിത്താണ് ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. 85 പന്തുകള്‍ നേരിട്ട താരം സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ 101 റണ്‍സില്‍ നില്‍ക്കേ മടങ്ങുകയായിരുന്നു. ആറ് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ബ്രേസ്വെല്ലന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത്.

 

പിന്നാലെ ഗില്ലും സെഞ്ചുറി പൂര്‍ത്തിയാക്കി. 78 പന്തുകള്‍ നേരിട്ട ഗില്ലിന്റെ ഇന്നിംഗ്സില്‍ അഞ്ച് സിക്സും 13 ഫോറും ഉണ്ടായിരുന്നു. ബ്ലെയര്‍ ടിക്നറുടെ പന്തില്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കുകയിരുന്നു ഗില്‍. 112 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.

 

തുടര്‍ന്നിറങ്ങിയ വിരാട് കോഹ്‌ലി(36), ഇഷാന്‍ കിഷന്‍(17), സൂര്യകുമാര്‍ യാദവ്(14), വാഷിംഗ്ടണ്‍ സുന്ദര്‍(9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കിഷന്‍ കോഹ്‌ലിയുമായുള്ള ആശയക്കുഴപ്പത്തിനിടെ റണ്ണൗട്ടായി. കോഹ്‌ലിയാവട്ടെ ജേക്കബ് ഡഫിയുടെ പന്തില്‍ ഫിന്‍ അലന് ക്യാച്ച് നല്‍കി. സൂര്യയേയും ഡഫി മടക്കി. സുന്ദര്‍ ടിക്നര്‍ക്കും വിക്കറ്റ് നല്‍കി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ - ശര്‍ദുല്‍ ഠാക്കൂര്‍ സഖ്യമാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 54 റണ്‍സ് കൂട്ടിചേര്‍ത്തു. പാണ്ഡ്യ 38 പന്തില്‍ 54 റണ്‍സ് നേടി. 48-ാം ഓവറില്‍ ഷാര്‍ദുലും അടുത്ത ഓവറില്‍ ഹാര്‍ദിക്കും മടങ്ങി. ശര്‍ദുല്‍ 25 റണ്‍സ് നേടി. ഉമ്രാന്‍ മാലിക്ക്(3) പുറത്താവാതെ നിന്നു. കുല്‍ദീപ് യാദവ് (3) അവസാന പന്തില്‍ റണ്ണൗട്ടായി.

 

OTHER SECTIONS