കേപ്ടൗണ്‍: 2023 വനിതാ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ആറിന് 118, ഇന്ത്യ18.1 ഓവറില്‍ നാലിന് 119.
പുറത്താവാതെ 44 റണ്‍സെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ഇതോടെ ഇന്ത്യ സെമി ഫൈനല്‍ സാധ്യകള്‍ സജീവമാക്കി.
വിന്‍ഡീസ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. വിന്‍ഡീസിനായി കരിഷ്മ റംഹറാക്ക് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹെയ്ലി മാത്യൂസും ചിനെലി ഹെന്റിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. 40 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്ത സ്റ്റെഫാനി ടെയ്ലറാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. 30 റണ്‍സെടുത്ത ഷെമാനി ക്യാംബെല്ലെയും മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. രേണുക സിങ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.