ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളെല്ലാം പൊളിഞ്ഞു; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 106 റണ്‍സ് ജയം

ഇംഗ്ലണ്ടിന്റെ തന്ത്രങ്ങള്‍ പാളി, രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. 399 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292 ന് പുറത്തായി. 106 റണ്‍സിനാണ് ഇന്ത്യയുടെ ജയം.

author-image
Web Desk
New Update
ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളെല്ലാം പൊളിഞ്ഞു; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 106 റണ്‍സ് ജയം

 

വിശാഖപട്ടണം: ഇംഗ്ലണ്ടിന്റെ തന്ത്രങ്ങള്‍ പാളി, രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. 399 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292 ന് പുറത്തായി. 106 റണ്‍സിനാണ് ഇന്ത്യയുടെ ജയം.

രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 9 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം. അഞ്ചു മത്സര പരമ്പരയില്‍ ഇരു ടീമുകള്‍ക്കും ഓരോ ജയം വീതമായി. മൂന്നാം ടെസ്റ്റ് 15 ന് രാജ്‌കോട്ടില്‍ തുടങ്ങും.

നാലാം ദിനം 1ന് 67 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിച്ചത്. 28 കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് രഹാന്‍ അഹമ്മദിന്റെ വിക്കറ്റ് നഷ്ടമായി. 23 റണ്‍സ് നേടിയ താരത്തെ അക്ഷര്‍ പട്ടേലാണ് വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.

ഒലി പോപ്പിനേയും (23) ജോ റൂട്ടിനേയും (16) അശ്വിന്‍ മടക്കി. അര്‍ധ സെഞ്ചറി നേടിയ സാക് ക്രൗളിയെ (73) കുല്‍ദീപ് യാദവാണ് വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. ജോണി ബെയര്‍‌സ്റ്റോയും (26) ജസ്പ്രീത് ബുമ്രയുടെ പന്തില്‍ പുറത്തായി.

നാലാം ദിനം ആദ്യ സെഷനില്‍ വീണ അഞ്ചില്‍ നാല് വിക്കറ്റും സ്പിന്നര്‍മാരാണ് നേടിയത്.

11 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സ് റണ്ണൗട്ടായി. ശ്രേയസ് അയ്യരുടെ നേരിട്ടുള്ള ത്രോയിലാണ് താരം പുറത്തായത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സിനെ റിട്ടേണ്‍ ക്യാച്ചിലൂടെ ബുമ്ര മടക്കി. പിന്നാലെയിറങ്ങിയ ശുഐബ് ബഷിറിനെ മുകേഷ് കുമാര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു.

വാലറ്റത്തെ കൂട്ടുപിടിച്ച് ടോം ഹാര്‍ട്ലി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 47 പന്തുകളില്‍നിന്ന് 36 റണ്‍സ് നേടിയ താരത്തെ ബുമ്ര ക്ലീന്‍ ബോള്‍ഡാക്കി, രണ്ടാം ഇന്നിങ്‌സിലെ മൂന്നു വിക്കറ്റ് ഉള്‍പ്പെടെ മത്സരത്തിലെ ആകെ വിക്കറ്റു നേട്ടം 9 ആക്കി.

സ്പിന്നര്‍ ആര്‍ അശ്വിനും മൂന്നു വിക്കറ്റു പിഴുതു. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.

 

india cricket sports england cricket test