രാജ്‌കോട്ട്: മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 434 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. 557 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 39.4 ഓവറില്‍ 122 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ് രാജ്‌കോട്ടിലേത്.
രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. 15 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത മാര്‍ക് വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 21ന് മുന്നിലെത്തി. ഇനി രണ്ടു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. സാക് ക്രൗലി (26 പന്തില്‍ 11), ബെന്‍ സ്റ്റോക്‌സ് (39 പന്തില്‍ 15), ബെന്‍ ഫോക്‌സ് (39 പന്തില്‍ 16), ടോം ഹാര്‍ട്‌ലി (36 പന്തില്‍ 16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഇംഗ്ലിഷ് ബാറ്റര്‍മാര്‍.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചില്ല. സ്‌കോര്‍ 82 ല്‍ നില്‍ക്കെ ബെന്‍ ഫോക്‌സിനെ ജഡേജ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന്റെ കൈകളിലെത്തിച്ചു. മാര്‍ക് വുഡ് മാത്രമാണ് കുറച്ചു നേരത്തേക്കെങ്കിലും പിടിച്ചുനിന്നത്. വുഡിനെ ജഡേജ് ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ 98 ഓവറില്‍ നാലിന് 430 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.