/kalakaumudi/media/post_banners/7e6fa0d3ebefb1b280247090987a6cbeef29c106cf35ff34d5c66ee81e89d62a.jpg)
റൂര്‍ക്കല: ഹോക്കി ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്‌പെയിനിനെ കീഴ്‌പ്പെടുത്തിയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ജയത്തോടെ പൂള്‍ ഡിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റ് വീതം പങ്കിടുന്ന ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ഒന്നാമത്. ഗോള്‍ വ്യത്യാസത്തിലാണ് ഇംഗ്ലണ്ട് ഒന്നാമതെത്തിയത്.
ഇന്ത്യക്കുവേണ്ടി അമിത് രോഹിദാസും ഹാര്‍ദിക് സിംഗും ലക്ഷ്യം കണ്ടു. 13ാം മിനിറ്റിലാണ് ഇന്ത്യ സ്പാനിഷ് പ്രതിരോധം പൊളിച്ച് ഗോളടിച്ചത്. അമിത് രോഹിദാസാണ് ഇന്ത്യക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ആദ്യ ഗോള്‍. ലോകകപ്പിലെ ഇന്ത്യയുടെ 200ാം ഗോളാണ് അമിത് രോഹിദാസിലൂടെ പിറന്നത്. രണ്ടാം ക്വാര്‍ട്ടറില്‍ 11ാം മിനിറ്റില്‍ സ്‌പെയിനിന്റെ ഗോള്‍ എന്നുറച്ച ഷോട്ട് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പതക് അത്ഭുതകരമായി രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ ഹാര്‍ദിക് സിംഗ് ഇന്ത്യക്ക് വേണ്ടി രണ്ടാമത് ഗോള്‍ വല കുലുക്കി ലീഡുയര്‍ത്തി.
മറ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ട് വെയില്‍സിനെ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കും ഓസ്‌ട്രേലിയ ഫ്രാന്‍സിനെ ഏകപക്ഷീയമായ എട്ടുഗോളുകള്‍ക്കും അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനും തോല്‍പ്പിച്ചു. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ഓസീസിനായി ജെറെമി ഹെയ്‌വാര്‍ഡ്, ടോം ക്രെയ്ഗ് എന്നിവര്‍ ഹാട്രിക് നേടി.