/kalakaumudi/media/post_banners/7d8d92f8a8d4bbbe18a65790973dc2f8c3a00030f1f709d45ffb90116bbab7e3.jpg)
ദക്ഷിണാഫ്രിക്ക: സഞ്ജു സാംസന്റെ ഉജ്ജ്വല ബാറ്റിങ് മികവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര ഇന്ത്യ സ്വന്തമാക്കി. സഞ്ജുവിന്റെ സെഞ്ചുറിയോടെ ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം കടക്കാനാവാതെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. 45.5 ഓവറില്‍ 218 ന് ദക്ഷിണാഫ്രിക്ക പുറത്തായി. ഇന്ത്യക്ക് 78 റണ്‍സിന്റെ ജയം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1ന് ഇന്ത്യയ്ക്ക് സ്വന്തം. സഞ്ജു തന്നെയാണ് കളിയിലെ താരവും.
ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കക്കായി കാര്യമായി പണിയെടുത്തത്. 87 പന്തില്‍നിന്ന് 81 റണ്‍സെടുത്ത സോര്‍സിയെ അര്‍ഷ്ദീപ് സിങ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം 36 റണ്‍സെടുത്ത് കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി. വാഷിങ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. ഹെന്റിക് ക്ലാസന്‍ 21, റീസ ഹെന്‍ഡ്രിക്‌സ് 19, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് 18, കേശവ് മഹാരാജ് 14, ഡേവിഡ് മില്ലര്‍ 10 എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളെടുത്തു. വാഷിങ്ടണ്‍ സുന്ദറും ആവേശ് ഖാനും രണ്ടും മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
സഞ്ജുവിന്റെ സെഞ്ചുറിയിന്നിങ്‌സിന്റെ കരുത്തില്‍ ആദ്യം ബാറ്റുചെയ്ത് ഇന്ത്യ നേടിയത് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ്. 114 പന്തില്‍നിന്ന് 108 റണ്‍സാണ് സഞ്ജു നേടിയത്. ഏകദിന ക്രിക്കറ്റിലെ സഞ്ജുവിന്റെ കന്നി സെഞ്ചുറിയാണ്. കടുത്ത ആക്രമണത്തിന് മുതിരാതെയായിരുന്നു സഞ്ജുവിന്റെ മുന്നേറ്റം. 77 പന്തില്‍നിന്ന് 52 റണ്‍സെടുത്ത് തിലക് വര്‍മയും ഇന്ത്യന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.
ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 35 പന്ത് നേരിട്ട് 21 റണ്‍സെടുത്ത് ക്ലാസന് ക്യാച്ച് നല്‍കി മടങ്ങി. വിയാന്‍ മള്‍ഡറാണ് ബൗള്‍ ചെയ്തത്. സഞ്ജുവിന് പിന്നാലെയെത്തിയ അക്ഷര്‍ പട്ടേല്‍ ഒരു റണ്ണെടുത്ത് മള്‍ഡറിന് ക്യാച്ച് നല്‍കി മടങ്ങി.