By Shyma Mohan.01 02 2023
അഹമ്മദാബാദ്: ട്വന്റി20 ഫോര്‍മാറ്റിന് പറ്റിയ താരമല്ലെന്ന് വിമര്‍ശകരുടെ മുനയൊടിച്ച ഇന്നിംഗ്‌സ്. അതായിരുന്നു അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ന്യൂസിലാന്‍ഡിന് എതിരായ മൂന്നാം ട്വന്റി20യില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. മത്സരത്തില്‍ 63 പന്തില്‍ 12 ഫോറും 7 സിക്സും സഹിതം പുറത്താവാതെ 126 റണ്‍സ് നേടിയ ഗില്‍ രാജ്യാന്തര ട്വിന്റി20യില്‍ ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡ് പേരിലാക്കി. അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ വര്‍ഷം പുറത്താവാതെ വിരാട് കോഹ്‌ലി നേടിയ 122 റണ്‍സാണ് ഗില്‍ മറികടന്നത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയാണ് 118 റണ്‍സുമായി മൂന്നാമത്.
മത്സരം തുടങ്ങുന്നതുവരെ ട്വിന്റി20 ടീമിലെ നിലനില്‍പ് തന്നെ സംശയത്തിലായിരുന്നു. എന്നാല്‍ കന്നി രാജ്യാന്തര ട്വിന്റി20 സെഞ്ചുറി നേട്ടം കൈവരിച്ചാണ് വിമര്‍ശനങ്ങള്‍ ഗില്‍ കാറ്റില്‍ പറത്തിയിരിക്കുന്നത്.