/kalakaumudi/media/post_banners/4a09c06be197fb0e16e3a3ec617fd2bb2ee0b56e39bf3fa1100ba5f955617c2d.jpg)
റാഞ്ചി: ഏകദിനത്തില്‍ നിന്നേറ്റ നാണം കെട്ട തോല്‍വിയ്ക്ക് പകരം വീട്ടി ട്വിന്റ20 പരമ്പര പിടിച്ചെടുക്കാന്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡ് ഇന്നിറങ്ങുന്നു. അതേസമയം വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ റാഞ്ചിയില്‍ കളത്തിലിറങ്ങുന്നത്.
റാഞ്ചിയില്‍ വൈകിട്ട് ഏഴിനാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ടി20 ലോകകപ്പിന് ശേഷം തുടര്‍ച്ചയായ മൂന്നാം ട്വിന്റി20 പരമ്പരയിലാണ് ഹാര്‍ദ്ദിക് പണ്ഡ്യ ടീമിനെ നയിക്കുന്നത്. സീനിയര്‍ താരങ്ങളെല്ലാം ഇത്തവണയും ടീമിന് പുറത്താണ്. ഹാര്‍ദ്ദിക്ക് പണ്ഡ്യയുടെ നേതൃത്വത്തില്‍ യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യ കിവീസിനെ നേരിടാന്‍ ഇറങ്ങുന്നത്.
ഓപ്പണിംഗിലെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരമായില്ലെങ്കിലും റാഞ്ചിയില്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും തന്നെ ഇന്ത്യന്‍ ഇന്നിങ്‌സ് തുടങ്ങും. ഏകദിനത്തിലെ റണ്‍വേട്ടയ്ക്ക് പിന്നാലെ ട്വിന്റി20യിലും ശുഭ്മാന്‍ ഗില്ലിന് മികവ് തുടരാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇഷാന്‍ കിഷനാകട്ടെ ഏകദിന ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണിത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ഡബിള്‍ സെഞ്ചുറിക്ക് ശേഷം ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ചെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ കിഷനായിരുന്നില്ല.
അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ മിന്നു ഫോമിലായിരുന്നെങ്കിലും മൂന്ന് വര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ പൃഥ്വി ഷാ ഇന്ന് കളിച്ചേക്കില്ല. ഷായുടെ കാത്തിരിപ്പ് ഇനിയും നീളുമെന്ന് തന്നെയാണ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് നല്‍കുന്ന സൂചന. സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, ഹാര്‍ദിക് പണ്ഡ്യ, ദീപക് ഹൂഡ എന്നിവരടങ്ങിയ ഇന്ത്യയുടെ യുവനിര ഏത് ബൗളിംഗ് നിരയ്ക്കും ഭീഷണിയുയര്‍ത്താന്‍ പോന്നവരാണ്.
ബൗളിംഗില്‍ അര്‍ഷ്ദീപിനൊപ്പം ഉമ്രാന്‍ മാലിക്കിനും ശിവം മാവിക്കും അവസരം കിട്ടും. യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരിലൊരാള്‍ക്കാകും സാധ്യത.
ന്യൂസിലാന്‍ഡിന് കെയ്ന്‍ വില്യംസണ്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് തുടങ്ങിയ സീനിയര്‍ താരങ്ങളുടെ അഭാവം ടീമിന് ആശങ്കയാണ്. ടോം ലാഥമിന് പകരം മിച്ചല്‍ സാന്റ്‌നറാണ് കീവീസ് ടീമിന്റെ നായകന്‍.