ഹാര്‍ദിക് പുറത്ത്, കിവീസിനെതിരേ ഇങ്ങനെ സാദ്ധ്യത

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം ശക്തരായ ന്യൂസീലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ഒക്‌ടോബർ 22 ധരംശാലയിലാണ് മത്സരം. 2019ലെ ലോകകപ്പില്‍ കിരീടത്തിലേക്ക് കുതിച്ച ഇന്ത്യക്ക് സെമിയില്‍ മടക്ക ടിക്കറ്റ് നല്‍കിയവരാണ് ന്യൂസീലന്‍ഡ്.

author-image
Hiba
New Update
ഹാര്‍ദിക് പുറത്ത്, കിവീസിനെതിരേ ഇങ്ങനെ സാദ്ധ്യത

മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം ശക്തരായ ന്യൂസീലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ഒക്‌ടോബർ 22 ധരംശാലയിലാണ് മത്സരം. 2019ലെ ലോകകപ്പില്‍ കിരീടത്തിലേക്ക് കുതിച്ച ഇന്ത്യക്ക് സെമിയില്‍ മടക്ക ടിക്കറ്റ് നല്‍കിയവരാണ് ന്യൂസീലന്‍ഡ്.

അതുകൊണ്ടുതന്നെ പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക. നിലവില്‍ ആദ്യ നാല് മത്സരവും ജയിച്ച കിവീസ് പോയിന്റ് പട്ടികയില്‍ തലപ്പത്താണ്.
ഇന്ത്യയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റും ന്യൂസീലന്‍ഡിനുണ്ട്. പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താനും സെമി സാധ്യത സജീവമാക്കാനും ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്.

ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് നേര്‍ക്കുനേര്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കിവീസിന് മുന്‍തൂക്കമുണ്ട്. ഏകദിന ലോകകപ്പില്‍ 9 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ അഞ്ച് തവണയും ജയം കിവീസിനായിരുന്നു. മൂന്ന് തവണയാണ് ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചത്.
കിവീസിനെ വീഴ്ത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ കടമ്പ തന്നെയാണ്.

ഇന്ത്യ മികച്ച ഫോമിലാണെങ്കിലും കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. പരിക്ക് ഗുരുതരമല്ലെങ്കിലും ന്യൂസീലന്‍ഡിനെതിരേ ഹാര്‍ദിക് കളിച്ചേക്കില്ലെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാവും.

രോഹിത്തും ഗില്ലും

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തുടരും. രണ്ട് പേരും ഫോമിലാണെന്നത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഇരുവരും നല്‍കുന്ന മികച്ച തുടക്കം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്. രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കം നല്‍കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. മികച്ച പേസ് കരുത്ത് ന്യൂസീലന്‍ഡിനുണ്ട്. ട്രന്റ് ബോള്‍ട്ടിന്റെ വെല്ലുവിളിയെ മറികടക്കാന്‍ രോഹിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

മൂന്നാം നമ്പറില്‍ വിരാട് കോലി തുടരണം. ഈ ലോകകപ്പില്‍ നാല് ഇന്നിങ്സില്‍ നിന്ന് രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും കോലി നേടിക്കഴിഞ്ഞു. റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് കോലിയുള്ളത്. കോലിയുടെ ബാറ്റിങ്ങും മത്സരത്തില്‍ നിര്‍ണ്ണായകമാവും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് അവസരം. ബംഗ്ലാദേശിനെതിരേ തിളങ്ങാനായില്ലെങ്കിലും ശ്രേയസിന്റെ പ്രകടനത്തില്‍ ഇന്ത്യ ഇപ്പോഴും വിശ്വാസം അര്‍പ്പിക്കുന്നു.
അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുല്‍ തുടരും.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ രാഹുല്‍ അതിവേഗം റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും മിടുക്കുകാട്ടുന്നു. സ്ഥിരതയോടെ കളിക്കുന്ന രാഹുലിന്റെ ബാറ്റിങ്ങിലാണ് ഇന്ത്യയുടെ മധ്യനിരയുടെ കെട്ടുറപ്പെന്ന് നിസംശയം പറയാം. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്.

പാണ്ഡ്യക്ക് പകരം

ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ക്ക് ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത. ഫിനിഷര്‍ റോളാണ് ഹാര്‍ദിക്കിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ഹാര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാനാണ് സാധ്യത. അവസാന 10 ഓവറുകളില്‍ ആഞ്ഞടിച്ച് റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍ യാദവ്.

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ തുടരും. വിക്കറ്റ് വീഴ്ത്താന്‍ സ്ഥിരത കാട്ടുന്ന താരമാണ് ജഡേജ. അതുകൊണ്ടുതന്നെ ജഡേജയുടെ മധ്യ ഓവറുകളിലെ ബൗളിങ് ഇന്ത്യക്ക് നിര്‍ണ്ണായകം. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ബാറ്റുകൊണ്ടും രവീന്ദ്ര ജഡേജയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. എട്ടാം നമ്പറില്‍ നിര്‍ണ്ണായക മാറ്റം വേണം.

ശാര്‍ദ്ദുല്‍ ടാക്കൂറിനെ പുറത്തിരുത്തി ഇന്ത്യ മുഹമ്മദ് ഷമിയെ കളിപ്പിക്കാനാണ് സാധ്യത.ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഷമി ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വേണം. ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവ് തുടരുമ്പോള്‍ 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയും 11ാം നമ്പറില്‍ മുഹമ്മദ് സിറാജും കളിക്കും. മികച്ച ബാറ്റിങ് കരുത്തുള്ള കിവീസിനെതിരേ ഇന്ത്യ മൂന്ന് പേസര്‍മാരെ കളിപ്പിക്കുന്നതാണ് കൂടുതല്‍ നന്നാവുക.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ (ര), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

icc world cup india vs newzealand