വമ്പന്മാർ നേർക്കുനേർ; ജീവൻ മരണ പോരാട്ടം

ക്രിക്കറ്റിലെ രണ്ട് വമ്പന്മാരാണ് ഇന്ത്യയും ന്യൂസീലൻഡും. ഇരുടീമുകളും മുംബൈ വാംഖെഡെ സ്റ്റേഡിയത്തിൽ ബുധനാഴ്ച കൊമ്പുകോർക്കുമ്പോൾ പ്രവചനങ്ങൾ അസാധ്യം. ക്രിക്കറ്റ് ലോകകപ്പിൽ ഈ രണ്ട് ടീമുകൾക്കും മികച്ച റെക്കോഡാണുള്ളത്.

author-image
Hiba
New Update
വമ്പന്മാർ നേർക്കുനേർ; ജീവൻ മരണ പോരാട്ടം



മുംബൈ: ക്രിക്കറ്റിലെ രണ്ട് വമ്പന്മാരാണ് ഇന്ത്യയും ന്യൂസീലൻഡും. ഇരുടീമുകളും മുംബൈ വാംഖെഡെ സ്റ്റേഡിയത്തിൽ ബുധനാഴ്ച കൊമ്പുകോർക്കുമ്പോൾ പ്രവചനങ്ങൾ അസാധ്യം. ക്രിക്കറ്റ് ലോകകപ്പിൽ ഈ രണ്ട് ടീമുകൾക്കും മികച്ച റെക്കോഡാണുള്ളത്.

ഇന്ത്യ രണ്ട് തവണ കിരീടത്തിൽ മുത്തമിട്ടപ്പോൾ ന്യൂസീലൻഡിന് ഇതുവരെ കിരീടമുയർത്താനായിട്ടില്ല. 2019 ലോകകപ്പ് സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഫൈനലിലെത്തിയെങ്കിലും ടീം ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. 2019-ന്റെ ബാക്കിയെന്നോണം 2023 ലോകകപ്പിലും മറ്റൊരു ഇന്ത്യ-ന്യൂസീലൻഡ് സെമി ഫൈനലിന് വേദിയൊരുങ്ങുകയാണ്.

ഈ ലോകകപ്പിലെ ഏറ്റവും സ്ഥിരതയാർന്ന ടീമായ ഇന്ത്യ തുടർച്ചയായ ഒൻപത് കളികൾ വിജയിച്ചാണ് സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ നാല് വിക്കറ്റിന് കിവീസിനെ തകർക്കുകയും ചെയ്തു. മറുവശത്ത് ന്യൂസീലൻഡ് നാലാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്.

ഇരുടീമുകളുടെയും ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ന്യൂസീലൻഡും ഇന്ത്യയും തുല്യശക്തികൾ തന്നെയാണ്. 13 ലോകകപ്പുകളിൽ എട്ടിലും ഇന്ത്യ സെമിയിലെത്തിയിട്ടുണ്ട്. 1983, 1987, 1996, 2003, 2011, 2015, 2019, 2023 വർഷങ്ങളിലെ ലോകകപ്പുകളിൽ ഇന്ത്യ അവസാന നാലിലെത്തി.

അതിൽ ഏഴുസെമികളിൽ മൂന്നെണ്ണത്തിൽ ടീം ജയിച്ചു. നാലെണ്ണത്തിൽ പരാജയപ്പെട്ടു. 1983-ലും 2011-ലും ഇന്ത്യ കിരീടം നേടിയപ്പോൾ 2003 ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടു.മറുവശത്ത് ന്യൂസീലൻഡ് ഒൻപത് തവണയാണ് സെമിയിലെത്തിയത്.

ഇന്ത്യയേക്കാൾ മുന്നിലാണ് അവർ. 1975, 1979, 1992, 1999, 2007, 2011, 2015, 2019, 2023 വർഷങ്ങളിലാണ് അവർ സെമിയിലെത്തിയത്. അതിൽ 2015-ലും 2019-ലും ഫൈനലിലെത്തി. പക്ഷേ പരാജയപ്പെട്ടു. 2015-ൽ ഓസീസും 2019-ൽ ഇംഗ്ലണ്ടും ന്യൂസീലൻഡിനെ പരാജയപ്പെടുത്തി.

സെമിയിൽ ഇതുവരെ ഒരേയൊരു തവണയാണ് ഇന്ത്യയും ന്യൂസീലൻഡും പരസ്പരം മത്സരിച്ചത്. അതിൽ ന്യൂസീലൻഡ് വിജയിക്കുകയും ചെയ്തു. 2019 സെമിയിൽ ഇന്ത്യയെ 18 റൺസിനാണ് കിവീസ് പരാജയപ്പെടുത്തിയത്. ഐ.സി.സി. ടൂർണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളിൽ ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് അത്ര മികച്ച റെക്കോഡല്ല ഉള്ളത്.

ലോകകപ്പിൽ ഇതുവരെ ഇന്ത്യയും ന്യൂസീലൻഡും 10 തവണ ഏറ്റുമുട്ടി. അതിൽ നാലെണ്ണത്തിൽ ഇന്ത്യ വിജയിച്ചു. അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ടു. ഒരു മത്സരം റദ്ദാക്കി. 2019 ലെ തോൽവിയ്ക്ക് ശേഷം 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ കിവീസിനോട് പരാജയപ്പെട്ടു.

ലോകകപ്പിലെ ഇന്ത്യ-ന്യൂസീലൻഡ് മത്സരഫലങ്ങൾ

1975 ലോകകപ്പ്: ഇന്ത്യയെ നാലുവിക്കറ്റിന് ന്യൂസീലൻഡ് പരാജയപ്പെടുത്തി
1979 ലോകകപ്പ് : ഇന്ത്യയെ എട്ടുവിക്കറ്റിന് ന്യൂസീലൻഡ് തകർത്തു
1987 ലോകകപ്പ്: ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് 16 റൺസിന്റെ വിജയം
1992 ലോകകപ്പ്: ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ തോൽവി
2003 ലോകകപ്പ്: ന്യൂസീലൻഡിനെ ഏഴുവിക്കറ്റിന് ഇന്ത്യ തകർത്തു
2019 ലോകകപ്പ്: ഇന്ത്യയെ ന്യൂസീലൻഡ് 18 റൺസിന് കീഴടക്കി
2023 ലോകകപ്പ്: ഇന്ത്യ നാലുവിക്കറ്റിന് ന്യൂസീലൻഡിനെ തകർത്തു.

 

 

 

 
icc world cup india vs newzealand