/kalakaumudi/media/post_banners/6798d99a13f00bbe803b5a77cd49089bc2e09d60309dd7988968c2e3cae2d696.jpg)
തിരുവനന്തപുരം: ടി20 രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ അര്‍ധ സെഞ്ചറി നേടി. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റു നഷ്ടത്തില്‍ 235 റണ്‍സ് ഇന്ത്യ സ്വന്തമാക്കി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 77 റണ്‍സ് നേടി. ആറാം ഓവറില്‍ ജയ്‌സ്വാള്‍ പുറത്തായി. 25 പന്തില്‍ 53 റണ്‍സാണ് താരം നേടിയത്.
പിന്നീട് ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാളുമൊത്ത് 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പുറത്തായി. 32 പന്തില്‍ 52 റണ്‍സ് താരം നേടി.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ വേഗം മടങ്ങി. 10 പന്തില്‍ 19 റണ്‍സ് നേടിയ സൂര്യയെ എല്ലിസ് സ്റ്റോയിനിസിന്റെ കൈകളിലെത്തിച്ചു.
ശ്രദ്ധയോടെ കളിച്ച ഗയ്ക്വാദ് അവസാന ഓവറിലാണ് പുറത്തായത്. 43 പന്തു നേരിട്ട താരം 58 റണ്‍സ് നേടിയാണ് പുറത്തായത്. അവസാന ഓവറുകളില്‍ റിങ്കു സിങ് വെടിക്കെട്ട് പ്രകടനം നടത്തി. 9 പന്തില്‍ 31 റണ്‍സ് നേടിയ റിങ്കു സിങ് പുറത്താവാതെ നിന്നു.
തിലക് വര്‍മ നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ നേടി. 7 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയയ്ക്കായി നാഥന്‍ എല്ലിസ് 3 വിക്കറ്റും മാര്‍ക്കസ് സ്റ്റോയിനിസ് ഒരുവിക്കറ്റും നേടി.