ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ 76 റണ്‍സ്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 163 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഓസീസിന് സാധിച്ചു. എട്ട് വിക്കറ്റുകള്‍ പിഴുത നതാന്‍ ലിയോണിന്റെ മാരക ബൗളിങാണ് ഇന്ത്യയെ തകര്‍ത്തത്.
അര്‍ധ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെ പ്രകടനമില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി അതി ദയനീയമായേനെ. പൂജരായാണ് രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം 142 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും ഒരു സിക്സും സഹിതം 59 റണ്‍സ് കണ്ടെത്തി.
ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 109 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 197 റണ്‍സില്‍ അവസാനിച്ചു. 88 റണ്‍സ് ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്.
ഇന്ത്യയുടെ എട്ട് വിക്കറ്റുകളും ലിയോണ്‍ പോക്കറ്റിലാക്കിയപ്പോള്‍ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ കുനെമന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ പങ്കിട്ടു.
ചായ്ക്ക് ശേഷം ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 27 പന്തില്‍ 26 റണ്‍സുമായി ശ്രേയസ് മടങ്ങി. മികച്ച രീതിയില്‍ ശ്രേയസ് തുടങ്ങിയെങ്കിലും ഇന്നിങ്‌സിന് അല്‍പ്പായുസായി. പിന്നാലെ എത്തിയ എസ് ഭരതും നിരാശപ്പെടുത്തി. താരം മൂന്ന് റണ്ണുമായി മടങ്ങി.പ്രതീക്ഷ നല്‍കിയ അശ്വിനും വീണത് ഇന്ത്യക്ക് തിരിച്ചടിയായി. താരം 28 പന്തില്‍ 16 റണ്‍സുമായി പുറത്തായി.
അശ്വിന് പിന്നാലെ പൂജാരയെ മടക്കി ലിയോണ്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. പിന്നീടെത്തിയ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെ സംപൂജ്യരായി മടക്കി ലിയോണ്‍ മൂന്നാം ദിനത്തിലെ അവസാന സെഷനില്‍ തന്നെ ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ചു. അക്ഷര്‍ പട്ടേല്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 15ല്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രാഹുലിന് പകരം ടീമിലെത്തിയ താരം രണ്ടിന്നിങ്സിലും പരാജയപ്പെട്ടു. അഞ്ച് റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (12), വിരാട് കോഹ്ലി (13), രവീന്ദ്ര ജഡേജ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നാലിന് 156 എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിനം തുടങ്ങിയത്. ശേഷിച്ച ആറ് വിക്കറ്റുകള്‍ പക്ഷേ 41 റണ്‍സില്‍ അവര്‍ക്ക് നഷ്ടമായി. ഓസ്‌ട്രേലിയ 189 റണ്‍സിന് ഓള്‍ഔട്ടായി. 88 റണ്‍സാണ് ഓസ്‌ട്രേലിയയുടെ ലീഡ്. 12 റണ്‍സ് എടുക്കുന്നതിനിടെയാണ് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്
അശ്വിനും ഉമേഷ് യാദവുമാണ് ഇന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഉമേഷ് യാദവും അശ്വിനും മുന്ന് വിക്കറ്റുകള്‍ വീതം നേടി. രവീന്ദ്ര ജഡേയാണ് ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. താരം നാല് വിക്കറ്റുകളെടുത്തു.
ഉസ്മാന്‍ ഖവാജയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 60 റണ്‍സാണ് അദ്ദേഹത്തിന്റെ നേട്ടം. മാര്‍നസ് ലബുഷെയ്ന്‍ 31 റണ്‍സ് നേടി. സ്റ്റീവ് സ്മിത്ത് 26, കാമറൂണ്‍ ഗ്രീന്‍ 21, പീറ്റര്‍ ഹാന്‍സ്‌കോമ്പ് 19 എന്നിവരാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍.
ഒന്നാം ദിനം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 33.2 ഓവറില്‍ 109 റണ്‍സിന് പുറത്തായിരുന്നു. ഓസീസിനെ വീഴ്ത്താന്‍ തയ്യാറാക്കിയ സ്പിന്‍ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കാലിടറി. ഇന്ത്യയുടെ പത്ത് വിക്കറ്റുകളില്‍ ഒമ്പതെണ്ണവും ഓസീസ് സ്പിന്നര്‍മാരാണ് വീഴ്ത്തിയത്.