ജയ്‌സ്വാള്‍, ഗില്‍... ഇന്ത്യയുടെ ലീഡ് 300 കടന്നു

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയില്‍. ഇന്ത്യയുടെ ലീഡ് 300 കടന്നു.

author-image
Web Desk
New Update
ജയ്‌സ്വാള്‍, ഗില്‍... ഇന്ത്യയുടെ ലീഡ് 300 കടന്നു

 

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയില്‍. ഇന്ത്യയുടെ ലീഡ് 300 കടന്നു.

അര്‍ധ സെഞ്ചറിയുമായി ശുഭ്മന്‍ ഗില്ലും (120 പന്തില്‍ 65), കുല്‍ദീപ് യാദവും (15 പന്തില്‍ മൂന്ന്) പുറത്താകാതെ നില്‍ക്കുന്നു. മൂന്നാം ദിനം യശസ്വി ജയ്‌സ്വാള്‍ ഇന്ത്യയ്ക്കായി സെഞ്ചറി തികച്ചു. 121 പന്തുകളില്‍ നിന്നാണ് ജയ്‌സ്വാള്‍ 100 പിന്നിട്ടത്. ജയ്‌സ്വാളിന്റെ കരിയറിലെ മൂന്നാമത്തെ ടെസ്റ്റ് സെഞ്ചറിയാണിത്.

133 പന്തില്‍ 104 റണ്‍സെടുത്ത താരം പരുക്കേറ്റതിനെ തുടര്‍ന്ന് ബാറ്റിങ് അവസാനിപ്പിച്ച് മടങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 28 പന്തില്‍ 19 റണ്‍സെടുത്തു പുറത്തായി. ജോ റൂട്ടിന്റെ പന്തില്‍ താരം എല്‍ബിഡബ്ല്യു ആകുകയായിരുന്നു. രജത് പട്ടീദാര്‍ പൂജ്യത്തിനു പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 126 റണ്‍സിന്റെ ലീഡെടുത്തിരുന്നു. ഇംഗ്ലണ്ട് 319 റണ്‍സിന് ഓള്‍ഔട്ടായി.

151 പന്തില്‍ 153 റണ്‍സെടുത്ത ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (89 പന്തില്‍ 41), ഒലി പോപ് (55 പന്തില്‍ 39), ജോ റൂട്ട് (31 പന്തില്‍ 18) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. സെഞ്ചറിയുമായി ബാറ്റിങ് തുടരുകയായിരുന്ന ബെന്‍ ഡക്കറ്റിന്റെ പുറത്താകലും മധ്യനിരയും വാലറ്റവും വലിയ പോരാട്ടമില്ലാതെ കീഴടങ്ങിയതുമാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

ഇന്ത്യയ്ക്കായി പേസര്‍ മുഹമ്മദ് സിറാജ് നാലു വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. ജസ്പ്രീത് ബുമ്രയ്ക്കും അശ്വിനും ഓരോ വിക്കറ്റുണ്ട്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 2ന് 207 എന്ന ശക്തമായ നിലയിലായിരുന്നു സന്ദര്‍ശകര്‍. എന്നാല്‍ മൂന്നാം ദിവസം ലഞ്ചിനു ശേഷം കളി തുടങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ട് ഓള്‍ ഔട്ടാകുകയായിരുന്നു.

 

cricket india england