തിരുവനന്തപുരം: ശുഭ്മന്‍ ഗില്ലിനു പിന്നാലെ മുന്‍ നായകന്‍ വിരാട് കോലിക്കും സെഞ്ച്വറി. കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 42 ഓവറില്‍ 300 റണ്‍സ് പിന്നിട്ടു. 42 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എന്ന നിലയിലാണ്.
കോലി 100 റണ്‍സോടെയും ശ്രേയസ് അയ്യര്‍ 34 റണ്‍സോടെയും ക്രീസില്‍. ഏകദിനത്തിലെ രണ്ടാം സെഞ്ചറി നേടിയ ഗില്‍ 116 റണ്‍സെടുത്തും ക്യാപ്റ്റന്‍ രോഹിത് ശര്‍മ 42 റണ്‍സെടുത്തും പുറത്തായി.
85 പന്തില്‍ നിന്നാണ് കോലി ഏകദിനത്തിലെ 46ാം സെഞ്ചറി കുറിച്ചത്. പത്തു ഫോറും രണ്ടു സിക്‌സും സഹിതമാണിത്.
97 പന്തുകള്‍ നേരിട്ട ഗില്‍, 14 ഫോറും രണ്ടു സിക്‌സും സഹിതമാണ് 116 റണ്‍സെടുത്തത്. രാജ്യാന്തര കരിയറിലെ 19ാം ഏകദിനം കളിക്കുന്ന ഗില്‍ 89 പന്തുകളില്‍ നിന്നാണ് സെഞ്ചറിയിലെത്തിയത്. 11 ഫോറും രണ്ടു സിക്‌സും സഹിതമായിരുന്നു ഇത്.