വിന്‍ഡീസിനെ പിടിച്ചുകെട്ടി ഇന്ത്യ; 150 റണ്‍സ് വിജയലക്ഷ്യം

ട്വന്റി20യില്‍ വിന്‍ഡീസിനെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ ബോളര്‍മാര്‍. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് 150 റണ്‍സ് വിജയലക്ഷ്യം.

author-image
Web Desk
New Update
വിന്‍ഡീസിനെ പിടിച്ചുകെട്ടി ഇന്ത്യ; 150 റണ്‍സ് വിജയലക്ഷ്യം

 

ട്രിനിഡാഡ്: ട്വന്റി20യില്‍ വിന്‍ഡീസിനെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ ബോളര്‍മാര്‍. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് 150 റണ്‍സ് വിജയലക്ഷ്യം.

ടോസ് നേടിയ വെസ്റ്റന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. ഓപ്പണര്‍ ബ്രാണ്ടന്‍ കിങ് തകര്‍ത്തടിച്ചു. അഞ്ചാം ഓവറില്‍ ഒപ്പണര്‍മാരായ കൈല്‍ മയേഴ്‌സിനെയും ബ്രാണ്ടന്‍ കിങ്ങിനെയും യുസ്വേന്ദ്ര ചെഹല്‍ വീഴ്ത്തി. മൂന്നാമനായി ഇറങ്ങിയ ജോണ്‍സന്‍ ചാള്‍സും പെട്ടെന്ന് പുറത്തായി.

നാലാം വിക്കറ്റില്‍ ഒന്നിച്ച നിക്കോളാസ് പുരാന്‍, ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ സഖ്യം 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടു സിക്‌സും രണ്ടു ഫോറും അടങ്ങുന്നതായിരുന്ന പുരാന്റെ ഇന്നിങ്‌സ്.

പവലിന്റെ ബാറ്റില്‍നിന്നു മൂന്നു ഫോറും മൂന്നു സിക്‌സും പിറന്നു. 15ാം ഓവറില്‍ പുരാനെ പുറത്താക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെ കൂട്ടുപിടിച്ച് പവല്‍ തകര്‍പ്പനടി തുടര്‍ന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോറടിച്ചെങ്കിലും കാര്യമായ സംഭാവന നല്‍കാതെ 19ാം ഓവറില്‍ ഹെറ്റ്‌മെയര്‍ പുറത്തായി. അതേ ഓവറില്‍ തന്നെ പവലും പുറത്തായി.

റൊമാരിയോ ഷെഫേര്‍ഡ് (6 പന്തില്‍ 4*), ജെയ്‌സന്‍ ഹോള്‍ഡര്‍ (5 പന്തില്‍ 6*) എന്നിവര്‍ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചെഹല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

 

 

cricket West Indies india t20