/kalakaumudi/media/post_banners/8568dd27db3a7aaf176eb2cf1f0a2dae0b0e296188267488fe2495aa99253e3b.jpg)
മെല്‍ബ: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഡേവിഡ് വാര്‍ണറെ ഉള്‍പ്പെടുത്തി വിരമിക്കാന്‍ അവസരം നല്‍കുന്നതിനെതിരേ മുന്‍ താരം മിച്ചല്‍ ജോണ്‍സണ്‍ ആഞ്ഞടിച്ചതോടെ സംഭവം വിവാദത്തില്‍.
പന്തുചുരണ്ടല്‍ വിവാദം മുന്‍നിര്‍ത്തിയായിരുന്നു ജോസന്റെ വിമര്‍ശനം. ഇതോടൊപ്പം ടെസ്റ്റില്‍ മോശം ഫോമിലുള്ള വാര്‍ണറെ ടീമിലെടുത്തതില്‍ ഓസ്‌ട്രേലിയയുടെ ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലിയെ കൂടി ലക്ഷ്യംവെച്ചായിരുന്നു ജോണ്‍സന്റെ വിമര്‍ശനം.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോര്‍ജ് ബെയ്‌ലി. ജോണ്‍സന്റെ വിമര്‍ശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യം പിന്നീട് ശരിയായേക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു ബെയ്ലിയുടെ പ്രതികരണം.
ജോണ്‍സന്റെ പ്രതികരണം പലരും അയച്ചുതന്നത് കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ആത്യന്തികമായി ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഞങ്ങളുടെ ഏറ്റവും മികച്ച 11 കളിക്കാരില്‍ അദ്ദേഹം (വാര്‍ണര്‍) ഉണ്ടെന്ന് ഞങ്ങള്‍ ഇപ്പോഴും കരുതുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റുകള്‍ സജ്ജീകരിക്കുന്നത് കണക്കിലെടുത്താല്‍ ഓരോ ടെസ്റ്റും നിര്‍ണായകമാണ്.
അതിനു കഴിയുമെന്ന് കരുതുന്ന 11 പേരെ തിരഞ്ഞെടുക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ വ്യക്തിക്കും അതില്‍ റോളുകള്‍ ഉണ്ട്. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ ടീമിനെ മൊത്തത്തില്‍ രൂപപ്പെടുത്തുന്നത്.
അതിനാല്‍ ഈ ടെസ്റ്റിന് ഡേവിഡാണ് (വാര്‍ണര്‍) ശരിയായ വ്യക്തിയെന്ന് ഞങ്ങള്‍ കരുതുന്നു.' - ബെയ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.