കെഎല്‍ രാഹുല്‍ - ആതിയ ഷെട്ടി വിവാഹം ഇന്ന്; ഭക്ഷണം വാഴയിലയില്‍

ഇന്നാണ് രാഹുല്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ ആതിയ ഷെട്ടിയെ ജീവിത സഖിയാക്കുന്നത്.

author-image
Shyma Mohan
New Update
കെഎല്‍ രാഹുല്‍ - ആതിയ ഷെട്ടി വിവാഹം ഇന്ന്; ഭക്ഷണം വാഴയിലയില്‍

മുംബൈ: നാലു വര്‍ഷത്തെ പ്രണയത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നു. ഇന്നാണ് രാഹുല്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ ആതിയ ഷെട്ടിയെ ജീവിത സഖിയാക്കുന്നത്. കാണ്ഡ്ലയിലെ സുനില്‍ ഷെട്ടിയുടെ ഫാം ഹൗസിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക.

ചടങ്ങില്‍ രാഹുലിന്റെയും ആതിയയുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുക്കുക. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അനുഷ്‌ക ശര്‍മ്മ, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, എം.എസ് ധോണി തുടങ്ങിയ പ്രമുഖര്‍ വിവാഹത്തിനെത്തും. വിവാഹ ചടങ്ങില്‍ നൂറോളം പേര്‍ പങ്കെടുക്കും. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം താരദമ്പതികള്‍ മാധ്യമങ്ങളെ കാണും.

വിവാഹത്തിന് മുന്നോടിയായി കെ എല്‍ രാഹുലിന്റെ മുംബൈയിലെ വസതിയായ പാലി ഹൗസ് ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസയുമായി എത്തിയിരിക്കുന്നത്. നാലുവര്‍ഷത്തെ ഡേറ്റിംഗിനുശേഷം കഴിഞ്ഞ വര്‍ഷമാണ് രാഹുലും ആതിയയും പ്രണയത്തിലാണെന്ന വിവരം പരസ്യമാക്കിയത്.

അതേസമയം സെലിബ്രിറ്റി വിവാഹത്തില്‍ അതിഥികള്‍ക്കായി ഒരുക്കുന്ന ഭക്ഷണമാണ് ശ്രദ്ധേയമാകുന്നത്. അതിഥികള്‍ക്ക് പ്ലേറ്റുകളിലല്ല, മറിച്ച് പരമ്പരാഗത രീതിയില്‍ വാഴയിലയിലാണ് ഭക്ഷണം വിളമ്പുകയെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ വിഭവ സമൃദ്ധമായ വിരുന്ന് തന്നെയാകും അതിഥികളെ കാത്തിരിക്കുന്നതെന്നാണ് സൂചന.

മുംബൈയില്‍ കെ.എല്‍ രാഹുലിന്റെയും ആതിയ ഷെട്ടിയുടെയും ഗംഭീരമായ വിവാഹ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളും കായിക, ബിസിനസ്, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ 3000 പേരാണ് വിവാഹ സല്‍ക്കാരത്തിന് എത്തുക.

KL Rahul - Athiya Shetty