/kalakaumudi/media/post_banners/bb0ef4ee5b8c4f1ac4c6cc735ddf1391a6d8fe3b8b43c2160a14eceb9680fd78.jpg)
കൊല്‍ക്കത്ത: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 216 റണ്‍സ് വിജയലക്ഷ്യം.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മികച്ച തുടക്കത്തിനുശേഷം 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. 50 റണ്‍സെടുത്ത നുവാനിഡു ഫെര്‍ണാണ്ടോ ആണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവ് മൂന്ന് വീതം വിക്കറ്റെടുത്തു. ഉമ്രാന്‍ മാലിക്ക് രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ഫീല്‍ഡിംഗിനിറങ്ങിയ ഇന്ത്യ കുല്‍ദീപ് അടക്കമുള്ള ബൗളര്‍മാരുടെ മികവില്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. ആറാം ഓവറില്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയെ വീഴ്ത്തി ആദ്യ പ്രഹരം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. 17 പന്തില്‍ 20 റണ്‍സെടുത്ത ആവിഷ്‌കയെ മുഹമ്മദ് സിറാജാണ് വീഴ്ത്തിയത്. പുതുതായി ടീമില്‍ ഇടം നേടിയ നുവാനിഡു ഫെര്‍ണാണ്ടോയാണ് ആവിഷ്‌കക്കൊപ്പം ഓപ്പണിംഗിനിറങ്ങിയത്. ആദ്യവിക്കറ്റില്‍ ഇരുവരും 29 റണ്‍സാണ് ചേര്‍ത്തത്.
തുടര്‍ന്നിറങ്ങിയ കുശാല്‍ മെന്‍ഡിസ് നുവാനിഡുവിനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും മെന്‍ഡിസിന്റെ പുറത്താകല്‍ ലങ്കയുടെ തുടര്‍ വിക്കറ്റുകള്‍ വീഴുന്നതിലേക്ക് നയിച്ചു. 17ാം ഓവറിലായിരുന്നു കുല്‍ദീപ് യാദവ് മെന്‍ഡിസിനെ പറഞ്ഞയച്ചത്. തൊട്ടടുത്ത ഓവറില്‍ ധനഞ്ജയ ഡിസില്‍വയെ അക്‌സര്‍ പട്ടേല്‍ പറഞ്ഞയച്ചതോടെ ലങ്ക സമ്മര്‍ദ്ദത്തിലായി. അരങ്ങേറ്റം ഗംഭീരമാക്കി അര്‍ദ്ധ സെഞ്ചുറി നേടിയ നുവാനിഡുവിനെ ശുഭ്മാന്‍ ഗില്‍ റണ്ണൗട്ടാക്കി. തുടര്‍ന്നിറങ്ങിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയെ രണ്ട് റണ്ണിന് കുല്‍ദീപ് പുറത്താക്കി. 15 റണ്‍സെടുത്ത ചരിത് അസലന്‍കയും നേരെ കുല്‍ദീപിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ലങ്ക അതീവ സമ്മര്‍ദ്ദത്തിലായി. 32 റണ്‍സെടുത്ത ദുനിത് വെല്ലാലഗെ ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. വാലറ്റക്കാരായി ഇറങ്ങിയ ചാമികയും കസുന്‍ രജിയതയും 17 റണ്‍സെടുത്ത് ലങ്കന്‍ സ്‌കോര്‍ 200 കടത്തി.