ചരിത്ര നേട്ടം; എട്ടാം തവണയും ബാലണ്‍ ദ് ഓറില്‍ മുത്തമിട്ട് മെസി

By priya.31 10 2023

imran-azhar

 

പാരീസ്: എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി സ്വന്തമാക്കി. വമ്പന്മാരായ
മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, കെവിന്‍ ഡി ബ്രൂയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെയെല്ലാം പിന്നിലാക്കിയാണ് മെസി പുരസ്‌കാരം നേരിടത്.

 

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് മെസിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിച്ചത്. സ്പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊടൊപ്പം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് വനിത ബലോണ്‍ ദ് ഓര്‍ പുരസ്‌കാരം നേടിയത്.

 

അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസിനാണ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി. ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ദ് ഓര്‍ സ്വന്തമാക്കിയ താരമാണ് മെസി.

 

അഞ്ച് തവണ പുരസ്‌കാരം സ്വന്തമാക്കിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഫൈനലിലെ ഹാട്രിക് ഉള്‍പ്പടെ എട്ടു ഗോളുമായി ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ നേടിയതാണ് കിലിയന്‍ എംബാപ്പയെ പുരസ്‌കാര സാധ്യത പട്ടികയില്‍ മുന്നിലെത്തിച്ചിരുന്നത്.


നിലവിലെ പുരസ്‌കാര ജേതാവ് കരീം ബെന്‍സേമ, പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, അര്‍ജന്റൈന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്, ഫ്രാന്‍സിന്റെ അന്റോയ്ന്‍ ഗ്രീസ്മാന്‍, ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു.

 

 

 

OTHER SECTIONS