പെനാല്‍റ്റി പാഴാക്കി എംബാപ്പെ; ഗോളടിച്ച് മെസി; പിഎസ്ജിക്ക് ഉജ്വല ജയം

ലീഗ് വണ്ണില്‍ സൂപ്പര്‍ താരം മെസി നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ പിഎസ്ജിക്ക് ജയം.

author-image
Shyma Mohan
New Update
പെനാല്‍റ്റി പാഴാക്കി എംബാപ്പെ; ഗോളടിച്ച് മെസി; പിഎസ്ജിക്ക് ഉജ്വല ജയം

പാരീസ്: ലീഗ് വണ്ണില്‍ സൂപ്പര്‍ താരം മെസി നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ പിഎസ്ജിക്ക് ജയം. മോണ്ട്‌പെല്ലിയറിനെ 3-1ന് കീഴടക്കിയാണ് ജയം. കിലിയന്‍ എംബാപ്പെ രണ്ട് തവണ പെനാല്‍റ്റി കിക്കുകള്‍ പാഴാക്കുകയും പരിക്കേറ്റ് മടങ്ങുകയും ചെയ്ത മത്സരത്തില്‍ 72ാം മിനിറ്റിലാണ് മെസി ഗോള്‍ വല കുലുക്കിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്കെടുക്കാന്‍ എത്തിയത് എംബാപ്പെയായിരുന്നു. കിക്ക് എതിര്‍ ഗോള്‍ കൂപ്പര്‍ ബെഞ്ചമിന്‍ ലെകോംറ്റെ തടഞ്ഞെങ്കിലും കിക്കെടുക്കുന്നതിന് മുമ്പ് മുന്നോട്ടുനീങ്ങിയതിനാല്‍ വാര്‍ പരിശോധനക്കുശേഷം റഫറി വീണ്ടും കിക്കെടുക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ രണ്ടാമത്തെ കിക്ക് പോസ്റ്റില്‍ തട്ടി എംബാപ്പെയുടെ തന്നെ കാലില്‍ എത്തിയെങ്കിലും ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 21ാം മിനിറ്റില്‍ താരം പരിക്കേറ്റ് പുറത്താകുകയും ചെയ്തു. താരത്തിന്റെ പരിക്ക് പിഎസ്ജിക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഫാബിയന്‍ റൂസ് നല്‍കിയ മനോഹര പാസ് ഗോളിലേക്ക് വഴിതുറക്കുകയായിരുന്നു. ഇതോടെ ലീഗില്‍ മെസി ഒമ്പത് ഗോള്‍ സ്വന്തം പേരില്‍ കുറിച്ചു. 14 ഗോളുമായി റെയിംസിന്റെ ഫൊലാറിന്‍ ബലോഗണ്‍ ഒന്നാമതും എംബാപ്പെ 13 ഗോളുമായി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

55ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസിലൂടെയാണ് പിഎസ്ജി മുന്നേറിയത്. 89ാം മിനിറ്റില്‍ ആര്‍നൗഡ് നോര്‍ഡിന്‍ ആശ്വാസ ഗോള്‍ നേടി.

lionel messi psg Mbappe