സ്പിന്‍ പിച്ച്: ക്യൂറേറ്റര്‍ തെറിച്ചു; ഐപിഎല്ലിന് പുതിയ പിച്ച്

ലഖ്‌നൗ ഏക്നാ സ്റ്റേഡിയത്തിലെ പിച്ച് തയാറാക്കിയ ക്യൂറേറ്ററെ ബിസിസിഐ നീക്കിയതായി റിപ്പോര്‍ട്ട്.

author-image
Shyma Mohan
New Update
സ്പിന്‍ പിച്ച്: ക്യൂറേറ്റര്‍ തെറിച്ചു; ഐപിഎല്ലിന് പുതിയ പിച്ച്

മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ട്വിന്റി20 മത്സരത്തിലെ വേദിയായ ലഖ്‌നൗ ഏക്നാ സ്റ്റേഡിയത്തിലെ പിച്ച് തയാറാക്കിയ ക്യൂറേറ്ററെ ബിസിസിഐ നീക്കിയതായി റിപ്പോര്‍ട്ട്. പിച്ച് ഒരുക്കിയ സുരേന്ദര്‍ കുമാറിനെ പുറത്താക്കി പകരം ഗ്വാളിയോറില്‍ നിന്നുള്ള സഞ്ജീവ് കുമാറിനെ പിച്ച് ക്യുറേറ്ററായി നിയമിച്ചു.

ഐ.പി.എല്ലിനു മുന്‍പ് സ്റ്റേഡിയത്തിലെ ഒന്‍പത് പിച്ചുകളും മാറ്റി സ്ഥാപിക്കുമെന്നാണ് വിവരം. ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം മത്സരങ്ങള്‍ക്കായി പുതിയ ക്യൂറേറ്റര്‍ക്ക് കീഴിലാവും പിച്ച് ഒരുക്കുക.

രണ്ടാം ട്വിന്റി20 മത്സരത്തിന് വേദിയായ ലക്‌നൗവിലെ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മത്സരശേഷം പരസ്യമായി രംഗത്തെത്തിയിരുന്നു. പിച്ച് ഞെട്ടിച്ചു എന്നായിരുന്നു പാണ്ഡ്യ പ്രതികരിച്ചത്. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും പിച്ച് ഒരുക്കിയതിനെ വിമര്‍ശിച്ചിരുന്നു. നിലവാരമില്ലാത്ത പിച്ചാണ് ലക്‌നൗവിലേതെന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് മാത്രമടിച്ചപ്പോള്‍ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. സ്പിന്നര്‍മാരെ അമിതമായി തുണച്ച പിച്ചില്‍ നിന്ന് അസാധാരണ ടേണും ബൗണ്‍സുമാണ് ലഭിച്ചത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 18 ഓവറും ന്യൂസിലന്‍ഡ് സ്പിന്നര്‍മാരെക്കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ഒറ്റ സിക്‌സ് പോലും പിറന്നില്ല. ഇരു ഇന്നിംഗ്‌സിലുമായി ആകെ പിറന്നത് 14 ബൗണ്ടറികള്‍ മാത്രമായിരുന്നു.

Lucknow pitch curator sacked