/kalakaumudi/media/post_banners/065aa9feb163e4c849f06175152bb019d4fd41dd8d4a2e65a6ecfe8015427f76.jpg)
ഭൂവനേശ്വര്‍: പുരുഷ ഹോക്കി ലോകകപ്പിന് വര്‍ണാഭമായ തുടക്കം. തുടര്‍ച്ചയായി രണ്ടാം തവണ ആതിഥേയത്വം വഹിക്കുന്ന ഒഡീഷയിലാണ് ആവേശോജ്വല ഉദ്ഘാടന ചടങ്ങ് നടന്നത്.
ജനുവരി 13 മുതല്‍ 29 വരെ ഭുവനേശ്വര്‍, റൂര്‍ക്കല എന്നിവിടങ്ങളിലാണ് ലോകകപ്പ് പോരാട്ടം അരങ്ങേറുക. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ബോളിവുഡ് നടി ദിഷ പഠാണി അടക്കമുള്ള വമ്പന്‍ താരനിര അണിനിരന്ന കലാപരിപാടികളായിരുന്നു ഉദ്ഘാടന ചടങ്ങിലെ ആകര്‍ഷണം.
ആയിരക്കണക്കിന് ഹോക്കി പ്രേമികളെ സാക്ഷിയാക്കി കട്ടക്കിലെ മനോഹരമായ ബരാബതി സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് അരങ്ങേറിയത്. ചടങ്ങില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് തയ്യബ് ഇക്രം, ഹോക്കി ഇന്ത്യ ചെയര്‍മാന്‍ ദിലീപ് ടിര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു. ലോകകപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്ന 16 ടീമുകളിലെ അംഗങ്ങളെയും ചടങ്ങില്‍ സ്വാഗതം ചെയ്തു.
പ്രശസ്ത നൃത്തഗുരു അരുണ മൊഹന്തിയുടെ നൃത്തസംവിധാനത്തില്‍ ആറ് പ്രാദേശിക നൃത്തരൂപങ്ങളുടെ സംയോജനം അരങ്ങില്‍ ആവേശമായി. ഒഡിയ ഗായകരായ സ്‌നിതി മിശ്ര, ഋതുരാജ് മൊഹന്തി, ലിസ മിശ്ര, അഭിനേതാക്കളായ സബ്യസാചി മിശ്ര, അര്‍ച്ചിത സാഹു എന്നിവരുള്‍പ്പെടെ ഗായകര്‍ സദസിനെ ഇളക്കി മറിച്ചു. ബോളിവുഡ് നടി ദിഷ പഠാണി അടക്കമുള്ളവരുടെ നൃത്തം ആവേശമായി. നൂറുകണക്കിന് ഗായകരും പ്രാദേശിക കലാകാരന്മാരും ചേര്‍ന്ന് ആലപിച്ച ഹോക്കി വേള്‍ഡ് കപ്പ് തീം സോംഗ് ആയിരുന്നു ചടങ്ങിന്റെ മറ്റൊരു ആകര്‍ഷണീയത. സംഗീത സംവിധായകന്‍ പ്രീതമാണ് ഈ ഗാനം രചിച്ചത്.
20 മത്സരങ്ങള്‍ റൂര്‍ക്കലയിലും ഫൈനല്‍ ഉള്‍പ്പെടെ 24 മത്സരങ്ങള്‍ ഭുവനേശ്വറിലും നടക്കും. 2018 ലോകകപ്പില്‍ ബെല്‍ജിയമാണ് ചാമ്പ്യന്മാരായത്. നെതര്‍ലന്‍ഡ്സ് രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതും ഫിനിഷ് ചെയ്തു. ആതിഥേയരായ ഇന്ത്യക്ക് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ മാത്രമാണ് സാധിച്ചത്.
ഇത്തവണ പൂള്‍ ഡി യില്‍ ഇംഗ്ലണ്ട്, സ്പെയിന്‍, വെയ്ല്‍സ് എന്നീ ടീമുകള്‍ക്ക് ഒപ്പമാണ് ഇന്ത്യ. സ്പെയിനിന് എതിരേ നാളെയാണ് ആതിഥേയരുടെ ആദ്യ മത്സരം. 15 ന് ഇംഗ്ലണ്ടിനെയും 19 ന് വെയ്ല്‍സിനെയും ഇന്ത്യ നേരിടും. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യന്മാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ പ്രവേശിക്കും.