ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ കിരീടം മിയു-ടിം സഖ്യത്തിന്

ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ കിരീടം നേടി ജപ്പാനീസ്, ജര്‍മ്മന്‍ സഖ്യമായ മിയു കറ്റോ, ടിം പുറ്റ്‌സ് സഖ്യം. കനേഡിയന്‍, ന്യൂസിലാന്‍ഡ് സഖ്യമായ ബിയാങ്ക ആന്ദ്രീസ്‌കു, മൈക്കിള്‍ വീനസ് സഖ്യത്തെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് അവര്‍ തോല്‍പ്പിച്ചത്.

author-image
Web Desk
New Update
ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ കിരീടം മിയു-ടിം സഖ്യത്തിന്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ കിരീടം നേടി ജപ്പാനീസ്, ജര്‍മ്മന്‍ സഖ്യമായ മിയു കറ്റോ, ടിം പുറ്റ്‌സ് സഖ്യം. കനേഡിയന്‍, ന്യൂസിലാന്‍ഡ് സഖ്യമായ ബിയാങ്ക ആന്ദ്രീസ്‌കു, മൈക്കിള്‍ വീനസ് സഖ്യത്തെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് അവര്‍ തോല്‍പ്പിച്ചത്. ഇരുവരുടെയും കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടനേട്ടവും ആണ് ഇത്.

മത്സരത്തില്‍ ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം അതേ നാണയത്തില്‍ തന്നെ ജര്‍മ്മന്‍, ജപ്പാനീസ് സഖ്യം തിരിച്ചടിച്ചു. മത്സരത്തില്‍ 2 ബ്രേക്ക് വഴങ്ങിയ അവര്‍ 2 തവണ എതിരാളിയുടെ സര്‍വീസ് ബ്രേക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സൂപ്പര്‍ ടൈബ്രേക്കില്‍ 10-6 നു ജയം കണ്ടാണ് ജര്‍മ്മന്‍, ജപ്പാനീസ് സഖ്യം കിരീടം സ്വന്തമാക്കിയത്.

സീഡ് ചെയ്യാത്ത ടീമുകള്‍ തമ്മില്‍ മികച്ച പോരാട്ടം ആണ് ഫൈനലില്‍ കണ്ടത്. വനിത ഡബിള്‍സില്‍ ബോള്‍ ഗേളിനു താന്‍ അടിച്ച പന്ത് അബദ്ധത്തില്‍ കൊണ്ടതിനാല്‍ പങ്കാളിക്ക് ഒപ്പം അയോഗ്യത നേരിട്ടു കണ്ണീരോടെ കളം വിട്ട ജപ്പാനീസ് താരം മിയു കറ്റോവിനു ഇത് മധുരപ്രതികാരം ആയി. വലിയ വിവാദം ആണ് ഈ അയോഗ്യത ടെന്നീസ് ലോകത്ത് സൃഷ്ടിച്ചത്.

Miyu Kato Tim Puetz Bianca Andreescu Michael Venus french open mixed doubles final