By Shyma Mohan.21 01 2023
റായ്പൂര്‍: ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം. കീവീസ് ഉയര്‍ത്തിയ 109 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 20.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച രോഹിത് രണ്ടാം ഓവറില്‍ ആദ്യ ബൗണ്ടറി നേടി. ആദ്യ അഞ്ചോവറില്‍ 24 റണ്‍സ് മാത്രമെടുത്ത് കരുതലെടുത്ത കളിച്ച ഇന്ത്യ പത്താം ഓവറില്‍ 50 കടന്നു.
ഗില്ലിനെ കാഴ്ചക്കാരനാക്കി സമ്മര്‍ദ്ദമേതുമില്ലാതെ രോഹിത് അനായാസം മുന്നേറിയതോടെ ഇന്ത്യ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. 47 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് ഏഴ് ഫോറും രണ്ട് സിക്‌സും പറത്തിയാണ് അര്‍ധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഷിപ്ലിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി രോഹിത് മടങ്ങി.
മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്‌ലി രണ്ട് ബൗണ്ടറിയടിച്ച് 9 പന്തില്‍ 11 റണ്‍സെടുത്തെങ്കിലും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സാന്റ്‌നറുടെ സ്പിന്നിന് മുന്നില്‍ വീണു. സാന്റ്‌നറുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ മൂന്നോട്ടാഞ്ഞ് പ്രതിരോധിച്ച കോലിയെ ടോം ലാഥം സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നീടെത്തിയ ഇഷാന്‍ കിഷന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്ന് വിജയലക്ഷ്യത്തിലെത്തിച്ചു. ഗില്‍ പുറത്താകാതെ 40 റണ്‍സും ഇഷാന്‍ കിഷന്‍ പുറത്താകെ എട്ടു റണ്‍സും നേടി.
നേരത്തെ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്റിന് കൂട്ട ബാറ്റിംഗ് തകര്‍ച്ചയാണ് നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 34.3 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി. 36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് ടോപ് സ്‌കോറര്‍.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കീവീസിന് ആദ്യം മുതല്‍ പിഴച്ചു. 10 ഓവറില്‍ കീവിസിന് നേടാനായത് കേവലം 15 റണ്‍സ്. നഷ്ടമായത് 5 മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയും. ഫിന്‍ അലന്‍, ദെവോന്‍ കോണ്‍വെ, ഹെന്‍ റി, ഡാരില്‍ മിച്ചല്‍, ക്യാപ്റ്റന്‍ ടോം ലാഥം എന്നിവരുടെ വിക്കറ്റുകളാണ് 15 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത്.
ഇന്ത്യന്‍ നായകന്റെ തീരുമാനം ശരിവെക്കും വിധമായിരുന്നു ഇന്ത്യന്‍ പേസര്‍മാരുടെ ബൗളിംഗ് പ്രകടനം. കീവീസ് സ്‌കോര്‍ 1ല്‍ നില്‍ക്കേ മുഹമ്മദ് ഷമിയാണ് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. ഓപ്പണര്‍ ഫിന്‍ അലനെ പൂജ്യത്തിന് പുറത്താക്കിയായിരുന്നു തുടക്കം. എട്ട് റണ്‍സില്‍ നില്‍ക്കേ രണ്ട് റണ്ണെടുത്ത് നില്‍ക്കുകയായിരുന്നു ഹെന്‍ റിയെ മുഹമ്മദ് സിറാജ് ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഷമി അടുത്ത പ്രഹരം ഏല്‍പ്പിച്ചു. ഒരു റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു മിച്ചലിനെ ഷമി സ്വന്തം ബൗളിംഗില്‍ പിടിച്ചു പുറത്താക്കി. സ്‌കോര്‍ 15ല്‍ നില്‍ക്കേ രണ്ട് വിക്കറ്റുകളാണ് കീവിസിന് നഷ്ടമായത്. ദെവോനെ പാണ്ഡ്യയും ടോം ലാഥമിനെ ശര്‍ദുല്‍ താക്കൂറും പിടിച്ചുപുറത്താക്കി.
കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ബ്രേസ്വെല്ലും തകര്‍പ്പനടിക്കാരനായ ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് ന്യൂസിലാന്റിന് പ്രതീക്ഷ നല്‍കിയെങ്കിലും ഷമി വീണ്ടും തീക്കാറ്റായി. ഇരുവരും ചേര്‍ന്ന് കീവീസ് സ്‌കോര്‍ 50 കടത്തിയെങ്കിലും ഷമിയെ തിരിച്ചുവിളിക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം വീണ്ടും കിവീസിന്റെ താളം തെറ്റിച്ചു. 22 റണ്‍സെടുത്ത ബ്രേസ്വെല്ലിനെ ഷമി വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ചു. മിച്ചന്‍ സാന്റ്‌നറും(27) ഫിലിപ്‌സും ചേര്‍ന്ന് കിവീസിനെ 100 കടത്തിയെങ്കിലും സാന്റ്‌നറെ ബൗള്‍ഡാക്കി ഹാര്‍ദ്ദിക് കൂട്ടുകെട്ട് പൊളിച്ചതോടെ കിവീസ് ഇന്നിംഗ്‌സ് അധികം നീണ്ടില്ല. പിടിച്ചു നിന്ന ഫിലിപ്‌സിനെയും വാലറ്റക്കാരെയും വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപും ചേര്‍ന്ന് മടക്കിയതോടെ കിവീസ് ഇന്നിംഗ്‌സ് 108 റണ്‍സില്‍ അവസാനിച്ചു. 15 റണ്‍സെടുക്കുന്നതിനിടെ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമായ കിവീസിന് അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ അവസാന നാലു വിക്കറ്റുകള്‍ നഷ്ടമായി.
ഇന്ത്യക്കായി മുഹമ്മദ് ഷമി ആറോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നോവറില്‍ ഏഴ് റണ്‍സിന് രണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ ആറോവറില്‍ 16 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.ഷര്‍ദ്ദുലും കുല്‍ദീപും സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.