/kalakaumudi/media/post_banners/5bbca642fb3cbcb72c69a1f945a19e278ac677241bebd2f6a9dd6eb0d7bcb32a.jpg)
ഇസ്ലമാബാദ്: പാകിസ്ഥാന്‍ ടീമിന്റെ ചീഫ് സെലക്ടര്‍ സ്ഥാനം രാജിവയ്ക്കുന്നതായി മുന്‍ ക്രിക്കറ്റ് താരം ഇന്‍സമാം ഉള്‍ ഹക്ക്. താല്‍പര്യങ്ങളുടെ 'വൈരുദ്ധ്യ'മാണ് രാജിക്കു കാരണമെന്ന് ഇന്‍സമാം വെളിപ്പെടുത്തി. ഏകദിന ലോകകപ്പില്‍ ടീമിന്റെ നിറംകെട്ട പ്രകടനത്തിനു പിന്നാലെയാണ് സെലക്ടറുടെ രാജി. ആറില്‍ രണ്ടു മത്സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്.
യാസോ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഓഹരി ഉടമയാണ് ഇന്‍സമാം. നിരവധി ക്രിക്കറ്റ് താരങ്ങളുടെ ഏജന്റ് തല്‍ഹ റഹ്‌മാനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി തുടങ്ങിയ നിരവധി ക്രിക്കറ്റ് താരങ്ങള്‍ കമ്പനിയുടെ പ്രതിനിധികളാണ്.
കളിക്കാരുടെ പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്‍സമാമിന്റെ ഇടപെട്ടിരുന്നു. ഇത് വലിയ തര്‍ക്കങ്ങളിലേക്കു നയിക്കുകയും ഇന്‍സമാമിന്റെ രാജിക്ക് കാരണമാകുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജിക്ക് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ഇന്‍സമാം പാക് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2016 ഓഗസ്റ്റ് മുതല്‍ 2019 ജൂലൈ വരെയാണ് ഇന്‍സമാം ചീഫ് സെലക്ടറായി പ്രവര്‍ത്തിച്ചത്. 2023 ലെ ഏഷ്യാ കപ്പിന് മുന്നോടിയായി അദ്ദേഹത്തെ വീണ്ടും സെലക്ടറായി നിയമിക്കുകയായിരുന്നു.