ക്രിസ്റ്റിയാനോയുടെ സൗദിയിലെ അരങ്ങേറ്റം പിഎസ്ജിക്കെതിരെ

റൊണാള്‍ഡോയുടെ അരങ്ങേറ്റം ലയണല്‍ മെസ്സിയുടെ പാരീസ് സെന്റ് ജെര്‍മെയ്നുമായുള്ള സൗഹൃദ മത്സരത്തോടെ.

author-image
Shyma Mohan
New Update
ക്രിസ്റ്റിയാനോയുടെ സൗദിയിലെ അരങ്ങേറ്റം പിഎസ്ജിക്കെതിരെ

റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം ലയണല്‍ മെസ്സിയുടെ പാരീസ് സെന്റ് ജെര്‍മെയ്നുമായുള്ള സൗഹൃദ മത്സരത്തോടെ. അല്‍ നസര്‍ ഹെഡ് കോച്ച് റൂഡി ഗാര്‍സിയയാണ് ഇക്കാര്യം സ്ഥീരികരിച്ചത്.

ജനുവരി 22ന് എറ്റിഫാക്കിനെ നേരിടുന്നതിന് മുമ്പ് തന്നെ റൊണാള്‍ഡോ പിഎസ്ജിക്കെതിരെ അരങ്ങേറ്റം കുറിക്കും. ജനുവരി 19നാണ് മത്സരം. ഇതോടെ അല്‍-ഷബാബിനെതിരായ ക്ലബിന്റെ അടുത്ത മത്സരത്തില്‍ താരം അരങ്ങേറില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

ജനുവരി 19ന് റിയാദില്‍ വച്ചാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പിഎസ്ജിയ്ക്ക് എതിരായ സൗഹൃദ മത്സരം നടക്കുന്നത്. അല്‍ നാസര്‍, അല്‍ ഹിലാല്‍ എന്നീ സൗദി ലീഗിലെ മുന്‍നിര ടീമുകളിലെ താരങ്ങള്‍ ഒരുമിക്കുന്ന സംഘത്തെയാവും ക്രിസ്റ്റിയാനോ ഇവിടെ നയിക്കുക.

ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസറിലേക്കുള്ള വരവ് കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് പ്രഖ്യാപിച്ചത്. രണ്ടര വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി താരം മാറുകയും ചെയ്തിരുന്നു.

37കാരനായ താരം 2025 വരെ ടീമില്‍ തുടരുമെന്ന് അല്‍ നസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. പ്രതിഫലം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും താരം ഒപ്പിട്ടത് 200 മില്യണ്‍ യൂറോയുടെ കരാറിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലബ് മാറ്റത്തോടെ യൂറോപ്പിനെ വിട്ട് താരം ഏഷ്യയില്‍ കേന്ദ്രീകരിക്കുകയാണ് അഞ്ചു തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ പോര്‍ച്ചുഗല്‍ നായകന്‍.

 

Al Nassr Coach Cristiano Ronaldo